District News
നിലമ്പൂര്: മൂലേപ്പാടത്തും പരിസരപ്രദേശങ്ങളിലും ഭീതി വിതച്ച ശല്യക്കാരനായ മോഴയാനയെ വനപാലകര് അതിസാഹസികമായി ഉള്വനത്തിലേക്ക് തുരത്തി. അകമ്പാടം, എടക്കോട് വനംസ്റ്റേഷന് ജീവനക്കാരും പ്രൈമറി റെസ്പോണ്സ് ടീമും വനംവകുപ്പ് വാച്ചര്മാരും അടങ്ങുന്ന ദൗത്യസംഘം മൂന്നര മണിക്കൂര് നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ മൂവായിരം ഉള്വനത്തിലേക്ക് കയറ്റിവിട്ടത്. ഇന്നലെ രാവിലെ 8.30 ഓടെ പെരുവമ്പാടം മലോടി ഭാഗത്തുവച്ചാണ് ദൗത്യസംഘം ആനയെ കണ്ടുമുട്ടിയത്. പടക്കം പൊട്ടിച്ചും റബര് ബുള്ളറ്റ് ഉതിര്ത്തും കിലോമീറ്ററുകളോളം ഓടിച്ചും ആനയെ ഉള്വനത്തിലേക്ക് തുരത്തുകയായിരുന്നു.
മൂലേപ്പാടം, തറമുറ്റം, പെരുവമ്പാടം മേഖലകളില് മാസങ്ങളായി ആനയുടെ ശല്യം രൂക്ഷമായിരുന്നു. നിലമ്പൂര്-നായാടംപൊയില് നിര്ദിഷ്ട മലയോര ഹൈവേയില് മൂലേപ്പാടം എച്ച് ബ്ലോക്ക് മുതല് 150 ഏക്കര് വരെയുള്ള ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനിടെ നിരവധി ടാപ്പിംഗ് തൊഴിലാളികളാണ് ആനയുടെ മുന്നില്പ്പെട്ട് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പ്രദേശത്തെ 25-ഓളം കര്ഷകരുടെ കൃഷിയിടങ്ങളിലും ഈ മോഴയാന വലിയതോതില് നാശനഷ്ടം വരുത്തിയിരുന്നു.
കാടുകയറിയ ആന തിരിച്ചെത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന് വനംവകുപ്പ് ഇന്നും മേഖലയില് നിരീക്ഷണം തുടരും. ആന വീണ്ടും വരികയാണെങ്കില് മൂവായിരം വനമേഖലയില്നിന്ന് പന്തീരായിരം വനത്തിലേക്ക് തുരത്താനാണ് പദ്ധതി. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസര് (ഗ്രേഡ്) കെ.ആര്. പ്രസാദ്, സെക്ഷന് ഫോറസ്റ്റ് ഓഫിസര്മാരായ എം. വത്സലന്, പി.എന്. ശ്രീജന്, എം.വി. പ്രജീഷ്, എടക്കോട് സെക്ഷന് ഫോറസ്റ്റ് ഓഫിസര് കെ. ശരത് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൂന്ന് ദിവസമായി രാപകലില്ലാതെ വനപാലകര് നടത്തിയ ശ്രമം വിജയ കണ്ടതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്.
District News
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ആനകളെ തുരത്താനുള്ള വനംവകുപ്പിന്റെ ഗജമുക്തി ദൗത്യം തുടരുമ്പോഴും ആനശല്യത്തിന് ശാശ്വത പരിഹാരമാകുന്നില്ല. ദൗത്യത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച നടത്തിയ എലിഫന്റ് ഡ്രൈവിൽ മൂന്ന് ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയതായി വനംവകുപ്പ് അറിയിച്ചു.
രാവിലെ ആറളം ഫാമിലെ ഒന്നും രണ്ടും ബ്ലോക്കുകൾ കേന്ദ്രീകരിച്ചായിരുന്നു ഡ്രൈവ്. അഞ്ച് ആനകളെ ബ്ലോക്ക് നാലിലെ ഏലക്കാട് ഭാഗത്തേക്ക് എത്തിച്ചെങ്കിലും പിന്നീട് ഇവ തിരിഞ്ഞ് ബ്ലോക്ക് മൂന്നിലേക്ക് നീങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ഉച്ചയ്ക്കുശേഷം ബ്ലോക്ക് 10ലെ കോട്ടപ്പാറ, ഇഞ്ചിമുക്ക് മേഖലകളിൽ നടത്തിയ നിരീക്ഷണത്തിലാണ് മൂന്ന് ആനകളെ കണ്ടെത്തിയത്. തുടർന്ന് ആർആർടി, കൊട്ടിയൂർ റേഞ്ച്, ആറളം വന്യജീവി സങ്കേതം ജീവനക്കാർ, ആറളം ഫാം സുരക്ഷാ ജീവനക്കാർ എന്നിവർ സംയുക്തമായി നടത്തിയ ഡ്രൈവിലാണ് ആനകളെ പഴയ ആർആർടി ഓഫിസ് ഭാഗത്തുകൂടി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്.
കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെയും കണ്ണൂർ ആർആർടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെയും നേതൃത്വത്തിലായിരുന്നു ദൗത്യം. 32 ഉദ്യോഗസ്ഥരും ജീവനക്കാരും എലിഫന്റ് ഡ്രൈവിൽ പങ്കെടുത്തു.
Kerala
ചെന്താമല: നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി. പാലക്കാട് അട്ടപ്പാടി ചെന്താമലയിലാണ് ഇവർ നീലക്കുറിഞ്ഞി പൂത്തത് കാണാൻ പോയത്. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് വനത്തിൽ കുടുങ്ങി കിടക്കുന്നത്.
അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. യുവാക്കൾ വനത്തിൽ എവിടെയാണുള്ളതെന്ന് കണ്ടെത്താൻ സാധിച്ചതിനാൽ ആർആർടി സംഘമടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാക്കളുള്ളയിടത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു മണിക്കൂർ കാട്ടിലൂടെ നടന്നാലെ യുവാക്കൾക്കരികിൽ എത്തൂവെന്നാണ് അധികൃതർ വിശദമാക്കിയത്.
Sports
കാര്യവട്ടം: കേരളാ ക്രിക്കറ്റ് ലീഗ് സീസണ് മൂന്നിലെ ചാന്പ്യൻമാരെ ഇന്നറിയാം. ഇന്നലെ നടന്ന ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ് ഫൈനലിൽ ഇടം നേടി. കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് ആണ് എതിരാളികൾ. രണ്ടാം സെമിയിൽ കാലിക്കട്ട് 36 റൺസുകൾക്ക് ആലപ്പി റിപ്പിൾസിനെ പരാജയപ്പെടുത്തി.
ആവേശം അലതല്ലിയ ട്രിവാൻഡ്രംxതൃശൂർ പോരാട്ടം
അവസാന ഓവർ വരെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന മത്സരമായിരുന്നു തൃശൂർ- ട്രിവാൻഡ്രം സെമി. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം മുന്നോട്ടുവച്ച 164 റണ്സ് വിജയലക്ഷ്യം അവസാന ഓവറിൽ ഒരു വിക്കറ്റും ഒരു പന്തും ബാക്കി നിൽക്കേ കലാശപ്പോരാട്ടത്തിന് അർഹത നേടി. അവസാന ഓവറിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയ ആനന്ദ് ജോസഫിന്റെ പ്രകടനമാണ് തൃശൂരിനെ വിജയത്തിലെത്തിച്ചത്. ആനന്ദാണ് പ്ലയർ ഓഫ് ദ മാച്ച്.
സ്കോർ: ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 163/5
തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 167/9.
ടോസ് നേടിയ ട്രിവാൻഡ്രം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ടോട്ടൽ പടുത്തുയത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാപ്റ്റൻ കൃഷ്ണപ്രസാദ് ബാറ്റിംഗ് തെരഞ്ഞെടുത്ത്. എന്നാൽ ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നില്ല ഓപ്പണർമാർ കാഴ്ച്ചവച്ചത്. വിഷ്ണു വിനോദ്(ഏഴ്), കൃഷ്ണപ്രസാദ്(നാല്), പി.എൻ. അഭിഷേക്(28) എന്നിവരുടെ വിക്കറ്റുകളാണ് സ്കോർബോർഡിൽ 50 തികയുന്നതിനു മുന്പേ നഷ്ടമായത്. ഗോവിന്ദ് ദേവ് പൈ (18), സിജോമോൻ ജോസഫ്(20) എന്നിവരും വേഗത്തിൽ മടങ്ങി. 26 പന്തിൽ നിന്ന് 53 റണ്സെടുത്ത് പുറത്താകാതെ നിന്ന അക്ഷയ് മനോഹറാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ആറാം വിക്കറ്റിൽ അക്ഷയ് എം. നിഖിലുമായി ചേർന്ന് 34 പന്തിൽ നിന്നാണ് 70 റണ്സ് അടിച്ചെടുത്തത്. ഇരുവരും ചേർന്ന് അവസാന രണ്ട് ഓവറിൽ നേടിയ 36 റണ്സാണ് ട്രിവാൻഡ്രത്തിന്റെ സ്കോർ 163ലെത്തിച്ചത്
164 റണ്സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ ടൈറ്റൻസ് ആദ്യ അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 റണ്സ് എന്ന നിലയിലായിരുന്നു കെ.ആർ. രോഹിത് (16), വിഷ്ണുരാജ് (ഏഴ്) എന്നിവരുടെ വിക്കറ്റുകളായിരുന്നു ആദ്യം കടപുഴകിയത്. അഹമ്മദ് ഇമ്രാനും ഷോണ് റോജറും ചേർന്ന് സ്കോർ 50 കടത്തി.
ടീം സ്കോർ 69ൽ എത്തിയപ്പോൾ ഷോണിന്റെ (17) വിക്കറ്റ് നഷ്ടമായി. അഹമ്മദ് ഇമ്രാനും നിഖിൽ തോട്ടത്തിലും ചേർന്ന് സ്കോർ 100 ലെത്തിച്ചു. സ്കോർ 112ൽ എത്തിയപ്പോൾ ഇമ്രാനെ (43) തൃശൂരിനു നഷ്ടമായി. നിഖിൽ തോട്ടത്തിൽ(24), ക്യാപ്റ്റൻ എം.എസ്. അഖിൽ (27) എന്നിവർകൂടി പവലിയനിലേക്ക് മടങ്ങിയതോടെ 18.6 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 149 എന്ന നിലയിലായി തൃശൂർ. അവസാന ഓവറിൽ മൂന്നു പന്തിൽനിന്നു രണ്ട് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പടെ 16 റണ്സ് നേടിയ ആനന്ദ് ജോസഫ് ഒരു പന്തും ഒരു വിക്കറ്റും ബാക്കി നിൽക്കേ തൃശൂരിനെ വിജയത്തേരിലേറ്റി.
ജയം പിടിച്ചെടുത്ത് കാലിക്കട്ട്
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ആലപ്പി റിപ്പിൾസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതാണ് കാണുന്നത്. കാലിക്കട്ട് വരുണ് നായനാർ (59), രോഹൻ കുന്നുമ്മൽ (45), അബ്ദുൾ ബാസിത് (53), കൃഷ്ണ ദേവൻ (24), സൽമാൻ നിസാർ (19) എന്നിവരുടെ മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 218 റണ്സ് നേടി. മറുപടി ബാറ്റിംഗിൽ സച്ചിൻ ബേബി (73), കെ.എ. അരുണ് (82) എന്നിവരുടെ പ്രകടനം ആലപ്പി റിപ്പിൾസിന് വിജയപ്രതീക്ഷ നല്കി. 16.3 ഓവറിൽ മൂന്നിന് 164 നിന്ന് അപ്രതീക്ഷിത തകർച്ചയോടെയാണ് ആലപ്പി വീണത്. ആലപ്പി 20 ഓവറിൽ എട്ടിന് 182.
Kerala
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ വാനരന്മാരുടെ ശല്യംകൊണ്ടു പൊറുതിമുട്ടി നാട്ടുകാർ. പറമ്പിലെ കൃഷികളും വിളകളും നശിപ്പിച്ചു രസിച്ചിരുന്ന വാനരൻമാർ ഇപ്പോൾ കൂട്ടത്തോടെയെത്തി വീടുകൾ കൈയേറി നശിപ്പിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. ഏലം കൃഷിയും കുരങ്ങുകൾ നശിപ്പിക്കുന്നതാണ് കർഷകരെ വിഷമിപ്പിക്കുന്നത്.
വന അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശമായ വള്ളക്കടവ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ശല്യം കൂടുതൽ. ഒറ്റയ്ക്കൊറ്റയ്ക്ക് എത്തുന്ന കുരങ്ങുകൾ വീടുകളിൽനിന്നു ചെറിയ ചെറിയ വസ്തുക്കൾ, ഭക്ഷണപദാർഥങ്ങൾ, വസ്ത്രങ്ങൾ എന്നിവ എടുത്തുകൊണ്ടുപോകുന്നതു നേരത്തെയും പതിവായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം വള്ളക്കടവ് മേഖലയിൽ കൂട്ടത്തോടെ എത്തിയ സംഘം ഏലം കൃഷിയുടെ തട്ടകൾ പിഴുതെറിഞ്ഞു.
വീടുകൾക്കുള്ളിൽ കയറി വ്യാപക നാശം വിതച്ചു. കുട്ടികളുടെ തൊട്ടിലിൽ കയറി ആടുകയും കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും നശിപ്പിക്കുകയും ചിലതൊക്കെ എടുത്തുകൊണ്ടു പോവുകയുംചെയ്തു. കുരങ്ങുകൾ കൂട്ടത്തോടെ എത്തി വീടിനുള്ളിൽ അതിക്രമം കാണിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടെ, കാട്ടാനയുടെ ശല്യം ഇപ്പോൾ വള്ളക്കടവ് മേഖലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
District News
മൂന്നാർ: ഇടമലക്കുടിയിൽ യാത്രാദുരിതം അവസാനിക്കുന്നില്ല. അവശയായ രോഗിയെ ഊര് നിവാസികൾ ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. കടുത്ത പനിയെ തുടർന്ന് അവശയായ വാഴയൻപാറക്കുടിയിലെ മുപ്പത്താറുകാരി രാസാത്തിയെയാണ് കുടിനിവാസികൾ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞദിവസം രാവിലെ ഒന്പതോടെ കുടിവാസികൾ കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ മഞ്ചൽ കെട്ടി തലച്ചുമടായാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. ദുർഘട പാതകളും പുഴയും താണ്ടിയായിരുന്നു രോഗിയേയും കൊണ്ടുള്ള യാത്ര .
ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും വികസന പ്രവർത്തനങ്ങളിലും മറ്റ് സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് കേരളം എന്ന് അവകാശപ്പെടുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഒരാഴ്ച മുമ്പ് രോഗം മൂർച്ഛിച്ച വയോധികനെയും ഇത്തരത്തിൽ ചുമന്നാണ് ആരു പത്രിയിൽ എത്തിച്ചത്. രോഗം മൂലം അവശനിലയിലായവരെ മണിക്കൂറുകൾക്കു ശേഷമാണ് ആശുപത്രിയിൽ എത്തിക്കാനാവുന്നത്. ഇത്തരം സംഭവങ്ങൾ ഇവിടെ പതിവാണ്.
മണലിയാറിനു കുറുകെ പാലം നിർമിക്കണമെന്ന് കുടിവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ഇത്തരം ദുരിതങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ആദിവാസി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമില്ല.
ആദിവാസി ഊരുകളിൽ എല്ലാ വർഷവും സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഇവയൊന്നും അർഹതപ്പെട്ടവരിലേക്ക് എത്തുന്നില്ല എന്നതിന്റെ നേർസാക്ഷ്യമാണ് ഇടമലക്കുടിയിൽ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ദാരുണ സംഭവങ്ങൾ. ദാരുണ സംഭവങ്ങൾ ആവർത്തി ക്കപ്പെട്ടിട്ടും അധികൃതർ കണ്ണുതുറക്കാത്ത സ്ഥിതിയാണ്.
District News
മക്കരപ്പറമ്പ: പൂക്കളുടെ വില കുതിച്ചുയരുമ്പോഴും ഓണാഘോഷത്തിന്റെ മാറ്റുകുറയരുതെന്ന സന്ദേശവുമായി മരപ്പൊടിയില് പൂക്കളമൊരുക്കി വേറിട്ട മാതൃക തീര്ത്ത് മക്കരപ്പറമ്പ ഗൈന് അക്കാദമിയിലെ വിദ്യാര്ഥികള്. കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠനകേന്ദ്രമായ അക്കാദമി ആറങ്ങോട്ട് ശിവക്ഷേത്രം ഊട്ടുപുരയില് സംഘടിപ്പിച്ച വൈബ് ഓണം ആഘോഷത്തിലാണ് പ്രകൃതിസൗഹൃദ പൂക്കളം പ്രധാന ആകര്ഷണമായത്.
ഓണവിപണിയില് പൂവില വര്ധിച്ച സാഹചര്യത്തിലാണ് പരമ്പരാഗത രീതിക്ക് പകരം മരപ്പൊടി ഉപയോഗിച്ച് വിദ്യാര്ഥികള് പൂക്കളം തീര്ത്തത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗം സുഹറാബി കാവുങ്ങല്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്് അക്രം ചൂണ്ടയില്, മണ്ഡലം സെക്രട്ടറി മുല്ലപ്പള്ളി അനീസുദ്ദീന്, ഗവണ്മെന്റ്് കോണ്ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയന്, അക്കാദമി ഡയറക്ടര്മാരായ ഷബ്ന തുളുവത്ത്, ആദില് തുളുവത്ത് എന്നിവര് പ്രസംഗിച്ചു.
Kerala
പുല്പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്പ്പെട്ട കാരക്കണ്ടിയില് ഏറ്റുമുട്ടിയ കൊമ്പനാനകളില് ഒന്ന് ചരിഞ്ഞു. 40 വയസ് മതിക്കുന്ന ആനയാണ് ചരിഞ്ഞത്.
ജഡം വനത്തിലെ ചതുപ്പില് കാരക്കണ്ടി ഊരുനിവാസികളില് ചിലരാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. ഉടന് വനപാലകരെ വിവരം അറിയിച്ചു. കൊമ്പുകോര്ക്കുന്ന ആനകളുടെ അലര്ച്ച തിങ്കളാഴ്ച വൈകുന്നരം ഊരുവാസികള് കേട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച രാവിലെ വനത്തില് പരിശോധന നടത്തിയത്.
ചരിഞ്ഞ ആനയുടെ ദേഹത്ത് കുത്തേറ്റ പാടുകളുണ്ട്. ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര് എം.കെ. രാജീവ്കുമാര്, പുല്പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് റേഞ്ച് ഓഫീസര് ഗ്രേഡ് എ. നിജേഷ്, സെക്ഷന് ഫോറസ്റ്റ് ഓഫീസര് സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് നടത്തി. കണ്ണൂരില്നിന്നുള്ള വെറ്ററിനറി സര്ജന് ഇല്ല്യാസിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്ട്ടം.
District News
ആദിവാസി വീട്ടമ്മയുടെ ദുരിതത്തിൽ ഇടപെട്ട് കമ്മീഷൻ
പത്തനംതിട്ട: പട്ടികവർഗ വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരം ലഭിക്കുന്ന ഭൂമിയിൽ വീട് നിർമിക്കാൻ ലൈഫ് പോലെയുള്ള സർക്കാർ ഭവനനിർമാണ പദ്ധതികളിൽ നിന്നും സഹായം നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ്. ലൈഫ് ഭവനപദ്ധതിയിൽ നിന്നും ഇവരെ ഒഴിവാക്കരുതെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. ഭൂമി അനുവദിച്ചത് വനം വകുപ്പായതു കൊണ്ട് സഹായം നൽകില്ലെന്ന് പറയാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു.
ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 0.4040 ഹെക്ടർ സ്ഥലം വനാവകാശ നിയമ പ്രകാരം വനംവകുപ്പിൽ നിന്നും ലഭിച്ച പട്ടികവർഗക്കാരിക്ക് ഭവനനിർമാണ ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസം അവസാനിപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വനാവകാശ നിയമപ്രകാരം പട്ടയം ലഭിക്കുന്ന പട്ടികവർഗക്കാർക്ക് ലൈഫ് മിഷനിൽ നിന്നും ധനസഹായം നൽകാൻ കഴിയുമോയെന്ന പെരുനാട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ സംശയത്തിനാണ് കമ്മീഷൻ തീർപ്പ് കല്പിച്ചത്. പഞ്ചായത്ത് ഡയറക്ടർ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, റാന്നി - പെരുനാട് ഗ്രാമപഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ഭവനനിർമാണ സഹായം ഉറപ്പാക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കാടിന് നടുക്ക് വലിച്ചു കെട്ടിയ ടാർപോളിൻ ഷീറ്റിനു കീഴിൽ എട്ട് പെൺമക്കളോടൊത്ത് നിസാ ഹായരായി ജീവിക്കുന്ന മീനയുടെ ദുരിതത്തെ സംബന്ധിച്ച മാധ്യമ വാർത്തകളിൽ ഇടപെട്ട് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സന്റെ നിർദ്ദേശാനുസരണം മീനയുടെ അഞ്ച് പെൺകുട്ടികളെ ചിറ്റാർ ഗവ. ട്രൈബൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർക്ക് വേണ്ടി തിരുവല്ല സബ്ഡിവിഷനൽ മജിസ്ട്രേറ്റ് കമ്മീഷൻ സിറ്റിംഗിൽ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു. മൂന്നു മക്കളെ അട്ടത്തോട് ട്രൈബൽ എൽപി.എസിൽ തുടർന്നും പഠിപ്പിക്കും.
ഇത് അമ്മയുടെ നിർദ്ദേശപ്രകാരമാണ്. കുട്ടികൾക്ക് ഭക്ഷണം, യൂണിഫോം, പഠനസാമഗ്രികൾ എന്നിവ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉറപ്പാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു. ഭവനനിർമാണ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർ ആറാഴ്ചയക്കകം അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. സെപ്റ്റംബർ 10 ന് തിരുവല്ല പിഡ്ല്യുഡി റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹാജരായി സ്വീകരിച്ച നടപടികൾ അറിയിക്കണം.
International
ഏഥൻസ്/പാരീസ്: ആഴ്ചകളായി യൂറോപ്യൻരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടുതീക്ക് ശമനമാകുന്നു. സ്പെയിൻ, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ പടർന്നുപിടിച്ച തീ അഗ്നിരക്ഷാസേനയുടെ കഠിനശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണ്. ചൂടിന് ആശ്വാസമായി താപനില താഴ്ന്നതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചത്.
കാട്ടുതീ പടർന്നതിനെത്തുടർന്ന് ഒഴിപ്പിച്ച ആയിരക്കണക്കിന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗ്രീസ് തലസ്ഥാനമായ ഏഥൻസിനു സമീപവും വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരികയാണ്. ഫ്രാൻസിലെ ബോർഡോ മേഖലയിലും സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.
District News
കല്പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്പ്പെട്ട നത്തംകുനിയില് റവന്യു പട്ടയഭൂമിയില്നിന്നു അനധികൃതമായി മുറിച്ച ഈട്ടി ലേലം ചെയ്യുന്നതിന് വനം വകുപ്പ് നീക്കം തുടങ്ങി. നത്തംകുനിയില്നിന്നു കസ്റ്റഡിയിലെടുത്ത് കുപ്പാടി വനം ഡിപ്പോയിലേക്ക് മാറ്റിയ 14 കഷണം ഈട്ടി ലേലം ചെയ്യുന്നതിന് അനുമതി തേടി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര് കോടതിയില് വൈകാതെ അപേക്ഷ നല്കുമെന്നാണ് വിവരം.
ഡോ. എ. ജയതിലക് റവന്യു പ്രിന്സിപ്പല് സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര് 24ന് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് നത്തംകുനിയില് ഈട്ടിമുറി നടന്നത്. റവന്യു പട്ടയഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്ത്തതും നട്ടുവളര്ത്തിയതുമായ മരങ്ങളില് ചന്ദനം ഒഴികെയുള്ളവ മുറിക്കുന്നതിനു കൈവശക്കാരെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. കോഴിക്കോട് ജില്ലയിലെ കാരാടില് സ്ഥിരതാമസക്കാരിയായ വനിതയുടെ ഉടമസ്ഥതയില് നത്തംകുനിയിലുള്ള കാപ്പിത്തോട്ടത്തിലെ നൂറ്റാണ്ടുകള് പ്രായമുള്ള ഈട്ടിയാണ് 2020 ഡിസംബറില് അനധികൃതമായി മുറിച്ചത്.
സര്ക്കാരിന് ഉടമാവകാശമുള്ള മരം മുറിക്കാനുള്ള ശ്രമം ശ്രദ്ധയില്പ്പെട്ട പ്രദേശവാസി
സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കും വില്ലേജ് ഓഫീസര്ക്കും പരാതി നല്കിയിരുന്നു. ഇതേത്തുടര്ന്ന് വില്ലേജ് ഓഫീസര് നിര്ത്തിവയ്ക്കാന് നിര്ദേശിച്ചെങ്കിലും പട്ടയം ഉടമയുടെ ഭര്ത്താവിന്റെ നേതൃത്വത്തില് മരം മുറിക്കുകയാണുണ്ടായത്.
അനധികൃതമായി ഈട്ടി മുറിച്ചതിന് 2021 ജനുവരി 11ന് കെഎല്സി (കേരള ലാന്ഡ് കണ്സര്വന്സി) നിയമപ്രകാരം ഭൂവുടയ്മക്കെതിരേ കേസെടുത്തിരുന്നു. തുടര്നടപടികള്ക്കിടെ, 2020 ഒക്ടോബര് 24ലെ ഉത്തരവ് പ്രകാരം അനുമതിയുണ്ടെന്ന് കരുതിയാണ് മരം മുറിച്ചതെന്നും ബോധപൂര്വം സര്ക്കാരിന് നഷ്ടം വരുത്തിയതല്ലെന്നും സ്ഥലം ഉടമയുടെ ഭര്ത്താവ് 2021 ജൂണ് 29ന് വൈത്തിരി തഹസില്ദാര്ക്ക് സമര്പ്പിച്ച സത്യവാങ്മൂലത്തില് ബോധിപ്പിച്ചിരുന്നു. കെഎല്സി നിയമപ്രകാരം നടപടി സ്വീകരിക്കരുതെന്നും അഭ്യര്ഥിച്ചു. മരംമുറിച്ചതിന്റെ ഉത്തരവാദിത്വം 2021 ജൂണ് 29നാണ് സ്ഥലം ഉടമ വൈത്തിരി തഹസില്ദാര് മുമ്പാകെ രേഖാമൂലം സമ്മതിച്ചത്.
മരത്തിന് 12,42,472 രൂപയാണ് വനം വകുപ്പ് വില കണക്കാക്കിയത്. കെഎല്സി നിയമപ്രകാരം ഇതിന്റെ മൂന്നിരട്ടിയായ 37,27,416 രൂപയാണ് സ്ഥലം ഉടമയ്ക്ക് തഹസില്ദാര് പിഴ ചുമത്തിയത്.
ഈ തുക ഭൂവുടമ അടച്ചില്ല. ഇത് പരാതിക്കിടയാക്കിയപ്പോള് പിഴ ഏഴ് ദിവസത്തിനകം ഈടാക്കി റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന് വൈത്തിരി തഹസില്ദാര്ക്ക് ജില്ലാ കളക്ടര് 2025 ഡിസംബര് ഒമ്പതിന് നിര്ദേശം നല്കിയെങ്കിലും നടപടികള് നീളുകയാണ്. ഇതിനിടെയാണ് തടികള് ലേലം ചെയ്യാനുള്ള വനം വകുപ്പ് നീക്കം.
നത്തംകുനിയിലെ നിയമവിരുദ്ധ ഈട്ടിമുറി വിവാദമായതിനെത്തുടര്ന്നാണ് മുട്ടില് സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി വെളിച്ചത്തുവന്നത്. മുട്ടില് സൗത്ത് വില്ലേജില്നിന്നു അനധികൃതമായി മുറിച്ചതെന്ന് കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് നീക്കിയ തടികള് ലേലം ചെയ്യുന്നതിനുള്ള വനം വകുപ്പിന്റെ അപേക്ഷ ബത്തേരി ജുഡീഷല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരുന്നു. എന്നാല് കേസിലെ എതിര്കക്ഷികള് സമര്പ്പിച്ച റിവിഷന് ഹര്ജിയില് മരം ലേലം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. റിവിഷന് ഹര്ജി തീര്പ്പാകുന്നതുവരെ ലേലം നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.
National
ഭുവനേശ്വർ: ഒഡീഷയിൽ പീഡനശ്രമത്തിനിടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ട യുവതിയെ പോലീസ് രക്ഷപ്പെടുത്തി. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് വനത്തിൽ നിന്ന് യുവതിയെ കണ്ടെത്തിയത്.
ബസ് സ്റ്റാൻഡിൽ നിന്ന യുവതി പ്രതിയുടെ വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറി. എന്നാൽ യാത്രയ്ക്കിടയിൽ ഇയാൾ യുവതിയെ ലൈംഗികമായി ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും അവർ ചെറുത്തുനിൽക്കുകയും അവിടെനിന്ന് രക്ഷപ്പെട്ട് ഓടുകയുമായിരുന്നു. എന്നാൽ ഓടുന്നതിനിടയിൽ വനത്തിനുള്ളിൽ വഴിതെറ്റി.
വനത്തിൽ അകപ്പെട്ട യുവതി ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഡ്രോണുകളും ഫ്ലെയർ ഗണുകളും റോക്കറ്റ് പടക്കങ്ങളും ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തു. ഈ വെളിച്ചവും ശബ്ദവും തിരിച്ചറിഞ്ഞ് നിൽക്കുന്ന സ്ഥലം യുവതി പോലീസിനെ അറിയിക്കുകയും സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വനത്തിൽ തള്ളിയ കേസിൽ യുവതിയും കാമുകനും പിടിയിൽ. ഐരോളി സ്വദേശി ബലിറാം സൂര്യനാഥ് കുശ്വാഹ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സുനിത കുശ്വാഹ (40), ഇവരുടെ കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറുമാരായ രാഹുൽ ദശരഥ് പ്രജാപതി (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട ബലിറാമിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് 11 മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ഐരോളിയിലായിരുന്നു ബലിറാം താമസിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബലിറാമിന്റെ സഹോദരൻ സുനിതയെ കാണാനെത്തിയിരുന്നു. ബലിറാമിന്റെ കാണാതാകലിനെക്കുറിച്ച് സുനിതയോട് ചോദിച്ചപ്പോൾ വ്യത്യസ്തമായ മറുപടിയാണ് ഇവർ നൽകിയത്. ഇതിൽ സംശയം തോന്നിയ സഹോദരൻ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സുനിതയ്ക്ക് രാഹുൽ പ്രജാപതിയുമായി ബന്ധമുണ്ടെന്ന് ബലിറാം കണ്ടെത്തിയിരുന്നു. ഇതോടെ ബലിറാമിനെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു.
രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബലിറാമിനെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പാക്കി. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ പോലീസിൽ മൊഴി നൽകി.
District News
പാണത്തൂർ: പാണത്തൂർ-സുള്ള്യ അന്തർസംസ്ഥാന പാതയിലെ കല്ലപ്പള്ളി പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി ജനങ്ങൾ ഭീതിയിൽ. ഇന്നലെ വൈകുന്നേരത്തോടെയാണ് റോഡിനോട് ചേർന്നുള്ള പ്ലാന്റേഷൻ ഭാഗത്ത് കാട്ടാനയെയും കുട്ടിയെയും കണ്ടത്.
മുമ്പൊക്കെ രാത്രികാലങ്ങളിൽ വനത്തിന് വെളിയിൽ ഇറങ്ങുന്ന ആനകൾ ഇന്നലെ പകൽവെളിച്ചത്തിൽ തന്നെ റോഡരികിൽ നിലയുറപ്പിച്ചത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പേടിപ്പെടുത്തി. കഴിഞ്ഞ അഞ്ചാം തീയതിയും കല്ലപ്പള്ളി-മാമ്പള റോഡിന് സമീപം പകൽ സമയത്ത് കാട്ടാനയെ കണ്ടിരുന്നു.
ഈ മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വനസംരക്ഷണ സമിതി പ്രസിഡന്റ് എൻ.കെ. ജയപ്രകാശും മുൻ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്തുമലയും ഒരാഴ്ച മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.
ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളും വനപാലകരും കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചു. ഈ സമയത്ത് സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാനും കാട്ടാനകളെ പ്രതിരോധിക്കാനുള്ള മറ്റു നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചിരുന്നു.
പ്ലാന്റേഷൻ ഭാഗങ്ങളിൽ ആനകൾ നിലയുറപ്പിക്കുന്നത് പതിവാണ്. ഇവ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത് തടയാൻ വനംവകുപ്പിന്റെ കർശന നിരീക്ഷണം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Kerala
തൊടുപുഴ: 500 രൂപ നഷ്ടം വരുത്തിയെന്ന കുറ്റത്തിന് അഞ്ചു വർഷം മുന്പ് പിടിച്ചെടുത്ത മണ്ണുമാന്തി ഇനിയും വിട്ടു നൽകാത്ത വനംവകുപ്പിനെതിരേ ജനരോഷം കനത്തതോടെ വനം മന്ത്രി ഷിബു ബേബി ജോൺ ഇടപെടുന്നു. അഞ്ചു വര്ഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആദിവാസി യുവാവ്. പ്രശ്നത്തില് ഇടപെടുമെന്ന വനം മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവനയാണ് കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി അജീഷിന് പ്രതീക്ഷ നല്കിയത്.
വനംവകുപ്പിന്റെ അതിക്രമം
2020 ല് കഞ്ഞിക്കുഴിയില് ഒരാളുടെ വീട് നിര്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനംവകുപ്പിന്റെ സ്ഥലമാണെന്ന അവകാശവാദമുന്നയിച്ച് വനം വകുപ്പ് പിടി കൂടിയ ജെസിബിയാണ് ചെമ്പന്കുഴി ഫോറസ്റ്റ് ഓഫീസിനു മുന്നില് തുരുമ്പെടുത്തു നശിക്കുന്നത്. ഇതില് പ്രതിഷേധിച്ച് ജെസിബി ക്കുള്ളില് കയറി പട്രോള് ഒഴിച്ച് അജീഷ് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. നാലു മണിക്കൂര്
നിണ്ട സമരത്തിനു ശേഷം ഡിഎഫ്ഒയുമായി ചര്ച്ച ചെയ്തു പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പില് സമരം അവസാനിപ്പിച്ചു.
500 രൂപയുടെ നഷ്ടം
ട് നിര്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനം വകുപ്പിന്റെ സ്ഥലമാണെന്ന് ആരോപിക്കുകയും ജെസിബി ചെമ്പന്കുഴി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിക്കാന് വനം ഉദ്യോഗസ്ഥര് ആവശ്യപ്പെടുകയായിരുന്നു. ജെസിബിയുമായി എത്തിയെങ്കിലും കേസ് എടുത്ത ശേഷം വാഹനം വിട്ടുകൊടുത്തില്ലന്നും അജീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് വനംവകുപ്പിന് ഉണ്ടായ നഷ്ടം 500 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് അറിയാന് കഴിഞ്ഞതായും അജീഷ് വ്യക്തമാക്കി. നഗരം പാറ റേഞ്ച് ഓാഫീസറുടെ നിർദേശപ്രകാരമാണ് നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള നേര്യമംഗലം ചെമ്പന് കുഴി ഫോറസ്റ്റ് ഓഫീസില് വാഹനം എത്തിച്ചത്.
എന്നാല്, കോടതി ഉത്തരവുമുണ്ടായിട്ടും ജെസിബി വിട്ടുകൊടുക്കാന് വനപാലകര് തയാറായില്ലെന്നും കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് വാഹനം പൂര്ണമായി നശിച്ചെന്നും അജീഷ് പറഞ്ഞു. ജെസിബി പിടിച്ചിട്ടതോടെ ഈ വാഹനത്തിന് 49,955 രൂപ ഇഎംഐ അടച്ചുകൊണ്ടിരിക്കുന്ന താൻ വലിയ കടബാധ്യതയാണെന്നും ജീവിതം തകര്ന്നു എന്നുമാണ് അജീഷ് പറയുന്നത്.
Kerala
മലപ്പുറം: നിലമ്പൂർ പെരുമ്പത്തൂരിൽ ഇറങ്ങിയ കാട്ടാന കനത്ത നാശം വീട്ടു പരിസരത്ത് ഉണ്ടാക്കി. വീടിന്റെ ഗേയ്റ്റും മതിലും തകർത്തു. പെരുമ്പത്തൂർ ആലോടി നാലകത്ത് ഹൈദ്രാലിയുടെ വീടിന്റെ മതിലും ഗേറ്റും തകർത്ത് വീട്ടുവളപ്പിലെ കൃഷിയും നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരെ അവിടെ നിലയുറപ്പിച്ചു.
ആറു മാസം മുൻപും ഹൈദ്രാലിയുടെ വീടിന്റെ മതിലും ഗേയ്റ്റും തകർത്തിരുന്നു. എന്നാൽ, നഷ്ടപരിഹാരം കണക്കാക്കേണ്ടത് തമ്മിൽ വനം വകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കം മൂലം ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് ഹൈദ്രാലി പുനർനിർമിച്ച മതിലും ഗേറ്റും വീണ്ടും കാട്ടാന ചവിട്ടി തകർത്തത്.
Kerala
കൊച്ചി: കോതമംഗലത്ത് കിണറ്റില് വീണ ആനയെ മയക്കുവെടി വയ്ക്കില്ല. ആനയെ കാട്ടിലേക്ക് തന്നെ തുരത്താനാണ് തീരുമാനമെന്ന് മലയാറ്റൂര് ഡിഎഫ്ഒ വ്യക്തമാക്കി. നിലവില് ആനയെ കിണറ്റില് നിന്നും പുറത്തെത്തിക്കാനുള്ള നടപടികള് തുടരുകയാണ്. എന്നാല് തുമ്പിക്കൈ മുറിഞ്ഞ ആനയെ മയക്കുവെടി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയില് മോസ്കിനു സമീപം കട്ടായത്ത് അലിയാരിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് ഇന്ന് പുലര്ച്ചെ 5.30 ഓടെ കാട്ടാന വീണത്. കിണറിന് ചുറ്റുമതില് ഉണ്ടായിരുന്നില്ല. കിണറിന്റെ വശം ഇടിച്ച് ആനയെ കയറ്റുവാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റതിനാല് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് നാട്ടുകാര്ക്ക് ശല്യക്കാരനായിരുന്ന ഒറ്റയാനാണ് കിണറ്റില് വീണത്. സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടി വച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരെ അനുനയിപ്പിച്ച് ആനയെ കിണറിടിച്ച് കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. തുമ്പിക്കൈയിലെ മുറിവ് തനിയെ മാറുമെന്നാണ് ഡോക്ടര്മാര് പറയുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. ചികിത്സ വേണമെങ്കില് നല്കും. ആനയെ കയറ്റിവിട്ടതിന് ശേഷം നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
Kerala
കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ നായയെ കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനം വകുപ്പ്. പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്ന വീട്ടിലെ വളർത്തു നായയെയാണ് പുലി കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നതായി കണ്ടെത്തി. ഇതോടെയാണ് നായയെ കൊലപ്പെടുത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
Kerala
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശ (ഇഎസ്എ) നിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യത്ത് ഏറ്റവും കൃത്യവും വിശദവുമായ പഠനം നടത്തിയ സംസ്ഥാനം കേരളമാണെന്നും ഇത് കേന്ദ്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.
ഇഎസ്എ നിർണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയർന്ന ജനസാന്ദ്രതയുണ്ടായിട്ടും സംസ്ഥാനത്തിന് മികച്ച വനവിസ്തൃതിയും പച്ചപ്പും നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ മുൻകാലങ്ങളിൽ തെറ്റി വനമായി വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങൾ ഒഴിവാക്കുമെന്ന ഉറപ്പ് സർക്കാർ നടപ്പാക്കും.
ഭൂമിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെടെ ഹൈക്കോടതിയിലും മറ്റ് കോടതികളിലും സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങളിൽ സർക്കാർ വകുപ്പുകൾ ഏകീകൃത നിലപാട് സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിസ്തൃതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്ന് യോഗം വിലയിരുത്തി. പരിസ്ഥിതി സംരക്ഷണത്തിൽ കേരളം സ്വീകരിച്ച നടപടികൾ കേന്ദ്രതല ഇഎസ്എ സമിതിയെ ബോധ്യപ്പെടുത്താനും യോഗം തീരുമാനിച്ചു.
മന്ത്രിമാരായ സണ്ണി ജോസഫ്, ഷിബു ബേബി ജോൺ, ടി. സിദ്ദിഖ്, എ.പി.അനിൽകുമാർ, അനൂപ് ജേക്കബ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വകുപ്പ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
District News
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ ഉണ്ടപ്പാറയിൽ പ്രദേശവാസികൾ രാത്രി അജ്ഞാത ജീവിയെ കണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥാപിച്ച കാമറ ട്രാപ്പുകൾ കഴിഞ്ഞദിവസം മാറ്റി സ്ഥാപിച്ചു. നാലാമത്തെ തവണയാണ് കാമറകൾ മാറ്റി സ്ഥാപിക്കുന്നത് എന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ഇതുവരെ കാമറയിൽ തെളിഞ്ഞത് മരപ്പട്ടിയും കാട്ടുപന്നിയും ആണെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. അജ്ഞാത ജീവിയുടെ സാന്നിധ്യം ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്ന സ്ഥലങ്ങളിലേക്ക് കാമറ ട്രാപ്പുകൾ മാറ്റി വയ്ക്കുകയാണ് ചെയ്യുന്നതെന്ന് ആർആർടി സംഘം അറിയിച്ചു.
മുൻപ് കാൽപാടുകൾ കണ്ടെങ്കിലും മഴ പെയ്തതിനെ തുടർന്ന് ഏത് ജീവിയുടെയാണെന്നു തിരിച്ചറിയാൻ സാധിക്കാത്തതോടെ ആണ് വനംവകുപ്പ് കാമറ ട്രാപ്പുകൾ സ്ഥാപിച്ചത്.
ദമ്പതികൾ അജ്ഞാത ജീവിയെ കണ്ടെന്ന് അറിയിച്ച മാവിൻ ചുവട്ടിലാണ് കഴിഞ്ഞമാസം ഏഴിന് കാമറ ട്രാപ്പുകൾ വച്ചത്. ഉണ്ടപ്പാറ, കുഴിവിള, തൊഴുകുമേൽ, കുപ്പപ്ലാങ്ങര, കരിഞ്ചാത്തിമൂല പ്രദേശത്ത് ഉള്ളവർ ഭീതിയിലാണ് ഇപ്പോഴും.
District News
അതിരപ്പിള്ളി: ഷോളയാറില് കാട്ടാന കബാലിയെ പ്രകോപിക്കാന് ശ്രമിച്ച വിനോദ സഞ്ചാരികളെ വനം വകുപ്പ് തെരയുന്നു. കഴിഞ്ഞ ദിവസം തമിഴ്നാട്ടില് നിന്നുള്ള രണ്ട് യുവാക്കളാണ് കബാലിയുടെ ഫോട്ടോ എടുത്തത്.
ഇതിനായി ഇവര് ആനയെ പ്രകോപിക്കുന്നതിന് ശബ്ദമുണ്ടാക്കി. കുറച്ചകലെയായിരുന്ന ആന ഇതോടെ റോഡിലേക്കെത്തി. ബൈക്കിലായിരുന്ന യുവാക്കള് സ്ഥലംവിട്ടു.
വിവരം അറിഞ്ഞവനപാലകർ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും കണ്ടെത്തിയില്ല. ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബൈക്കിന്റെ നമ്പര് വ്യക്തമായിരുന്നില്ല.
Kerala
എടക്കര (മലപ്പുറം): കാട്ടാന ആക്രമണത്തില് വനം വകുപ്പ് കരാര് തൊഴിലാളിക്ക് പരിക്കേറ്റു. വനം വകുപ്പിന്റെ തേക്ക് പ്ലാന്റേഷന് കരാര് തൊഴിലാളിയായ മൂത്തേടം ബാലംകുളം വടക്കേത്തലയന് ഹംസയുടെ ഭാര്യ സൈനബക്കാണ് (62) പരിക്കേറ്റത്. ഇവരെ മുക്കം കെഎംസിടി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവശിപ്പിച്ചു.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കരുളായി റേഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില് 2026 തേക്ക് പ്ലാന്റേഷന് പ്രവൃത്തികള് നടന്നുവരികയാണ്. ഇതിലെ തൊഴിലാളിയാണ് സൈനബ. കരാറുകാരന്റെ വാഹനത്തിലാണ് തൊഴിലാളികളെ പ്രവൃത്തിക്കായി വനത്തിലേക്ക് കൊണ്ടുപോകുന്നത്.
ഇന്നലെ ആദ്യ ട്രിപ്പില് വാഹനത്തില് കൊണ്ടുപോകാന് കഴിയാതിരുന്ന ഒമ്പത് തൊഴിലാളികള് വനത്തിലേക്ക് പ്രവശിക്കുന്നതിനിടയാണ് എതിരെ വന്ന കുട്ടിയാനയുടെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവര് ചിതറിയോടി. എന്നാല് സൈനബക്ക് ഓടാന് കഴിഞ്ഞില്ല. ഇതിനിടയില് ആനക്കുട്ടി സൈനബയെ ആക്രമിക്കുകയായിരുന്നു.
കാലുകൊണ്ടുള്ള ചവിട്ടോ, തുമ്പിക്കൈ കൊണ്ടുള്ള അടിയോ ഏറ്റ് സൈനബയുടെ വാരിയെല്ലുകള്ക്ക് പരിക്കേറ്റിട്ടുണ്ട്. ഉടന് ഇവരെ വനം വകുപ്പ് ജീവനക്കാര് എടക്കരയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകള് നല്കിയ ശേഷം സൈനബയെ മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ വിദഗ്ധ ചികിത്സകളില് ആന്തരികാവയവങ്ങള്ക്ക് മുറിവുള്ളതിനാല് മഞ്ചേരിയില് നിന്ന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് ഇവരെ റഫര് ചെയ്യുകയായിരുന്നു.
കോഴിക്കോട് എത്താന് വൈകുമെന്നതിനാല് വനം വകുപ്പ് ഉദ്യോഗസ്ഥര് ഇവരെ മുക്കം കെഎംസിടി ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. വാരിയെല്ലുകള് പൊട്ടിയതിനാല് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്.
ശസ്ത്രക്രിയ ആവശ്യമായതിനാലാണ് അടിയന്തരമായി മുക്കത്തെ ആശുപത്രിയില് സൈനബയെ പ്രവേശിപ്പിച്ചതെന്ന് കരുളായി റേഞ്ച് ഓഫീസര് മുജീബ് റഹ്മാന് പറഞ്ഞു. തൊഴിലാളികള്ക്ക് നേരെ ആക്രമണമുണ്ടായ ഭാഗത്ത് സ്ഥിരമായി ഈ കുട്ടിയാനയെ കാണാറുണ്ടെന്നും ആദ്യമായാണ് ആക്രമണമുണ്ടായതെന്നും ഒപ്പമുണ്ടായിരുന്ന തൊഴിലാളികള് പറഞ്ഞു.
Kerala
കോതമംഗലം: എറണാകുളം കോതമംഗലത്തു കാട്ടാന ആക്രമണം രൂക്ഷം. കുട്ടമ്പുഴ പിണവൂര്കുടിയില് ഇന്നു പുലര്ച്ചെയെത്തിയ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്കു പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല് ബിനോയിയുടെ വീടിന്റെ മേല്ക്കൂരയിലേക്കാണ് മരം മറിച്ചിട്ടത്. വീട് ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്.
പുലര്ച്ചെ മൂന്നോടെ ഒച്ച കേട്ട വീട്ടിലെ താമസക്കാരായ രാജന്, ഭാര്യ അനിത, ഇവരുടെ പത്തു വയസുകരി മകള് എന്നിവര് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാനശല്യം മൂലം വീടിനു പുറത്തിറങ്ങാന് പോലും കഴിയാത്ത അവസ്ഥയാണെന്നും വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും വാര്ഡ് മെമ്പര് ബിന്ദു രാജേന്ദ്രന് പറഞ്ഞു.
ആറേഴ് വര്ഷമായി പ്രദേശത്തു കാട്ടാനയുടെ ശല്യം രൂക്ഷമാണ്. മൂന്നു കോടി രൂപയുടെ ട്രഞ്ച്, ഫെന്സിംഗ് സംവിധാനങ്ങള് ഒരുക്കിയിരുന്നെങ്കിലും ഇതൊക്കെ നശിപ്പിച്ചാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം എത്താറുള്ളത്. സന്ധ്യ കഴിഞ്ഞാല് പുറത്തേക്ക് ഇറങ്ങാന് സാധിക്കാത്ത സാഹചര്യമാണ് എന്നാണ് നാട്ടുകാര് പറയുന്നത്.
District News
രാജാക്കാട്: ഇടുക്കിയില് വീണ്ടും കാട്ടാനക്കലി. മക്കളുടെ കണ്മുന്നിലാണ് മാതാവിനെ കാട്ടാന തുമ്പിക്കൈയ്ക്ക് വലിച്ചെറിഞ്ഞ് ചവിട്ടിക്കൊലപ്പെടുത്തിയത്. ചിന്നക്കനാല് ഗവ. എച്ച്എസില് ഏഴാംക്ലാസില് പഠിക്കുന്ന രക്ഷാനെയും പത്തില് പഠിക്കുന്ന രക്ഷിണയേയും സ്കൂളിലേക്കു കൊണ്ടുപോകുന്നതിനായി ഒന്നരകിലോമീറ്റര് ദൂരം പിന്നിട്ട് റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണസംഭവം ഉണ്ടായത്. 35കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. കാട്ടാന ആക്രമണത്തില് പരിക്കേറ്റ മകന് രക്ഷാനെ അടിമാലി താലൂക്ക് ആശുപത്രിയില് പ്രഥമ ചികില്സ നല്കിയ ശേഷം വിദഗ്ധ ചികില്സയ്ക്കായി കോട്ടയം മെഡിക്കല് കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സംഭവത്തില് പ്രതിഷേധിച്ച് ചിന്നക്കനാലില് നാട്ടുകാര് വലിയ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ നാളുകളായി ഈ പ്രദേശത്ത് കാട്ടാനക്കൂട്ടങ്ങള് തമ്പടിച്ചിട്ടും ഇവയെ കാട്ടിലേക്ക് തുരത്താന് വനം വകുപ്പ് ഉദ്യോഗസ്ഥര് നടപടി സ്വീകരിക്കാത്തതാണ് ഒരു ജീവന് പൊലിയാന് ഇടയാക്കിയെതെന്ന് ഇവര് പറഞ്ഞു. കാട്ടാനകള് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന് ട്രഞ്ച് കുഴിക്കുകയോ ഫെന്സിംഗ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല.
കാട്ടാനകളെ നിയന്ത്രിക്കുന്നതിനുള്ള ആര്ആര്ടി സംഘത്തിലുള്ളവരുടെ എണ്ണം പരിമിതമാണ്. ഇവരുടെ എണ്ണം വര്ധിപ്പിക്കാനും അധികൃതര് നടപടി സ്വീകരിച്ചിരുന്നില്ല. കാട്ടാനയാക്രമണത്തില് ആരുടെയെങ്കിലും ജീവന്പൊലിയുമ്പോള് ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര് നല്കുന്ന മറുപടി പാഴ്വാക്കായി മാറുകയായിരുന്നു. ഇതാണ് ജനകീയ പ്രതിഷേധം ശക്തമാകാന് കാരണമായത്.
പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കില് മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ഇവിടത്തുകാര്. ഇതേത്തുടര്ന്ന് വനംവകുപ്പധികൃതര്, സബ്കളക്ടര്, ജനപ്രതിനിധികള് എന്നിവരുടെ നേതൃത്വത്തില് നടത്തിയ ചര്ച്ചയെത്തുടര്ന്ന് അടിയന്തര നടപടികള് സ്വീകരിക്കാമെന്ന് ബന്ധപ്പെട്ടവര് ഉറപ്പ് നല്കുകയായിരുന്നു. ഇതോടെയാണ് ജനരോഷം ശമിച്ചത്.
നേരത്തേ ഇവിടെ ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കാട് മാറ്റിയിരുന്നു.പിന്നീട് കാട്ടാനശല്യം മേഖലയില് അല്പം കുറഞ്ഞിരുന്നെങ്കിലും വീണ്ടും ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ് മതികെട്ടാന്ചോല ദേശീയ ഉദ്യാനത്തോട് ചേര്ന്നുള്ള ചിന്നക്കനാല്, ശാന്തന്പാറ പഞ്ചായത്തുകള്. ഒറ്റയാന്മാരെ റേഡിയോ കോളര് ഘടിപ്പിച്ചു നിരീക്ഷിക്കുമെന്നും ആനകളുടെ സാന്നിധ്യം എവിടെയെന്ന് അറിയുന്നതിന് സംവിധാനം ഏര്പ്പെടുത്തുമെന്നും കാര്ഷിക, ജനവാസ മേഖലകളില് പ്രതിരോധ നടപടി സ്വീകരിക്കുമെന്നും സര്ക്കാര് പ്രഖ്യാപിച്ചത് നടപ്പാക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര് ഉന്നയിച്ചത്.
നിലവിലുള്ള ആര്ആര്ടി സംഘം വിപുലീകരിക്കുമെന്നും പ്രതിരോധ നടപടി സംബന്ധിച്ച ആക്ഷന് പ്ലാന് ഉടന് സര്ക്കാരിന് സമര്പ്പിക്കുമെന്നും കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ വിദ്യഭ്യാസം വനംവകുപ്പ് ഏറ്റെടുക്കാനും അര്ഹമായ നഷ്ടപരിഹാരം അടുത്തദിവസം കൈമാറുമെന്നും വനംവകുപ്പധികൃതര് ഉറപ്പുനല്കുകയും ചെയ്തു. ഇതോടെയാണ് മൃതദേഹം വിട്ടുനല്കാന് തീരുമാനിച്ചത്. ഇടുക്കി മെഡിക്കല് കോളേജ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്ട്ടത്തിനു ശേഷം ബന്ധുക്കള്ക്ക് വിട്ടുനൽകും.
SUNDAY DEEPIKA
ഗുജറാത്തിലെ സാബര്കാന്ത ജില്ലയില്, ആരവല്ലി മലനിരകളുടെ അടിവാരത്ത് ഹര്നാവ് നദീതീരത്ത് സ്ഥിതിചെയ്യുന്ന "പോളോ ഫോറസ്റ്റ്’ ഒരു അപൂര്വ പ്രദേശമാണ്. പ്രകൃതിസ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇടം. ഇന്ന് വിനോദസഞ്ചാരികളുടെ കേന്ദ്രമായ ഈ വനപ്രദേശത്തിന് അതിപുരാതനമായ ഒരു നഗരത്തിന്റെ കഥയാണ് പറയാനുള്ളത്.
പത്താം നൂറ്റാണ്ടില് പരിഹാര് രാജാക്കന്മാരാണ് ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടില് മാര്വാറിലെ റാത്തോഡ് രജപുത്രര് ഈ പ്രദേശം പിടിച്ചടക്കി. "പോളോ’ എന്ന വാക്ക് "പോള്’ എന്ന ഗുജറാത്തി വാക്കില് നിന്നാണ് ഉണ്ടായത്. ഇതിനു വാതിൽ എന്നാണ് അർഥം. രാജസ്ഥാനിലേക്കും ഗുജറാത്തിലേക്കുമുള്ള പഴയ വ്യാപാര പാതകളുടെ പ്രവേശന കവാടമായാണ് ഈ പ്രദേശം നിലകൊണ്ടിരുന്നത്. പരിഹാര് രാജാക്കന്മാര്ക്കു ശേഷം വേറെയും പല രാജവംശങ്ങളും പ്രദേശത്തിന്റെ അധികാരം കൈയാളി. പരമാര് രാജവംശവും പിന്നീട് വന്ന രജപുത്ര ഭരണാധികാരികളും ഇവിടെ വലിയ തോതിലുള്ള നിര്മാണ പ്രവര്ത്തനങ്ങള് നടപ്പാക്കി.
ശത്രുക്കളുടെ ആക്രമണങ്ങളില്നിന്ന് രക്ഷനേടാനായി പര്വതങ്ങളാലും ഇടതൂര്ന്ന വനങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശം ഒരു സുരക്ഷിത താവളമായി ഭരണാധികാരികള് ഉപയോഗിച്ചിരുന്നു. എന്നാല് കാലക്രമേണ ഈ നഗരം ഉപേക്ഷിക്കപ്പെടുകയും വനം അതിനെ വിഴുങ്ങുകയും ചെയ്തു. വര്ഷങ്ങളോളം പുറംലോകത്തിന് അജ്ഞാതമായിരുന്ന ഈ പ്രദേശം പിന്നീട് പുരാവസ്തു ഗവേഷകരിലൂടെയാണ് വീണ്ടെടുക്കപ്പെട്ടത്.
പോളോ വനത്തിന്റെ പ്രധാന സവിശേഷത, കാടിനുള്ളില് ചിതറിക്കിടക്കുന്ന പുരാതന ജൈന-ഹിന്ദു ക്ഷേത്രാവശിഷ്ടങ്ങളാണ്. ഹിന്ദു- ജൈന വാസ്തുശൈലികളുടെ സമന്വയമാണ് ഇവിടെയുള്ള ക്ഷേത്രങ്ങള്. മാര്ബിളിലും കല്ലിലും തീര്ത്ത അതിമനോഹരമായ കൊത്തുപണികള് മിക്ക ക്ഷേത്രങ്ങളിലും കാണാം. മുസ്ലീം അധിനിവേശകാലത്ത് പല ക്ഷേത്രങ്ങളും ഭാഗികമായി തകര്ക്കപ്പെട്ടിട്ടുണ്ട്.
15-ാം നൂറ്റാണ്ടില് നിര്മിക്കപ്പെട്ട ശരണേശ്വര് ശിവക്ഷേത്രമാണ് വനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിര്മിതികളിലൊന്ന്. കമനീയമായ വാസ്തുഭംഗിയാല് അതിപ്രശസ്തമാണിത്. പുരാതന ജൈന വാസ്തുവിദ്യയുടെ മകുടോദാഹരണമായ ലഖേണ ജൈന ക്ഷേത്രമാണ് മറ്റൊന്ന്. സൂര്യദേവന് സമര്പ്പിച്ചിരിക്കുന്ന പഴയ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാനാവും.
വനത്തിനുള്ളില് "അന്ധാരി’ എന്നു വിളിക്കുന്ന ഒരു ഭാഗമുണ്ട്. സൂര്യപ്രകാശം കടക്കാത്ത അത്രയും ഇടതൂര്ന്ന മരങ്ങള് ഉള്ളതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്. പണ്ട് ശത്രുക്കളില്നിന്ന് ഒളിച്ചിരിക്കാന് സൈനികര് ഇവിടം ഉപയോഗിച്ചിരുന്നു. പോളോ ഫോറസ്റ്റിനോട് ചേര്ന്നുകിടക്കുന്ന വിജയനഗര് എന്ന ചെറിയ പ്രദേശമായിരുന്നു പണ്ട് വനത്തിന്റെ ഭരണകേന്ദ്രം.
ഇന്ന് സാഹസിക സഞ്ചാരികള്ക്കും ചരിത്രപ്രേമികള്ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിവിടം. ട്രക്കിംഗിനും ഫോട്ടോഗ്രഫിക്കും അനുയോജ്യമായ ഈ പ്രദേശം പ്രകൃതിയും ചരിത്രവും ഇഴപിരിഞ്ഞുകിടക്കുന്ന ഭൂമികയാണ്. ഗുജറാത്ത് സര്ക്കാര് എല്ലാ വര്ഷവും ഇവിടെ "പോളോ ഉത്സവം’ നടത്താറുണ്ട്. വനസംരക്ഷണത്തെക്കുറിച്ചും ചരിത്രസ്മാരകങ്ങളെക്കുറിച്ചും ആളുകളില് അവബോധം വളര്ത്താനാണ് ഇതു സംഘടിപ്പിക്കുന്നത്. എന്തായാലും ചരിത്രസ്നേഹികള് ഒരിക്കലെങ്കിലും സന്ദര്ശിക്കേണ്ട ഒരിടം തന്നെയാണ് പോളോ ഫോറസ്റ്റ്.
Leader Page
കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിൽ പുതിയ സർക്കാരിൽനിന്ന് കത്തോലിക്കാ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ജനകീയവും നീതിപൂർവകവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതുമായ ഭരണമാണ്. അതിൽ പ്രത്യേകിച്ച് വനവും വിദ്യാഭ്യാസവും കർഷകസമൂഹത്തിനും കേരളത്തിന്റെ ഭാവിക്കും അതീവ പ്രാധാന്യമുള്ള മേഖലകളാണ്.
1. വനംവകുപ്പ്: മലയോരത്തെ ജനങ്ങളുടെ വേദന അറിയുന്ന, കഴിവുള്ള മന്ത്രി വേണം വനംവകുപ്പ് ഭരിക്കുവാൻ
മലയോര മേഖലയിലെ കർഷകരും കുടിയേറ്റ ജനങ്ങളും ഇന്ന് വലിയ ആശങ്കകളിലൂടെ കടന്നുപോകുകയാണ്. ജനവിരുദ്ധവും കാലഹരണപ്പെട്ടതുമായ വനനിയമങ്ങൾ, ബഫർസോൺ പ്രശ്നങ്ങൾ, വന്യമൃഗശല്യം, പട്ടയഭൂമിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ എന്നിവ ജനങ്ങളുടെ ജീവിതത്തെത്തന്നെ മാരകമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഞങ്ങളുടെ കാഴ്ചപ്പാടിൽ പരിസ്ഥിതി സംരക്ഷണവും മനുഷ്യജീവിത സംരക്ഷണവും ഒരുപോലെ പ്രധാനമാണ്. വനസംരക്ഷണം മനുഷ്യവിരുദ്ധമോ കർഷകവിരുദ്ധമോ ആകരുത്. പ്രകൃതിയും മനുഷ്യനും ഒരുമിച്ച് നിലനിൽക്കുന്ന സമതുലിത സമീപനമാണ് ആവശ്യം.
അതിനാൽ മലനാട്ടിലെ ജനങ്ങളുടെ ജീവിത യാഥാർഥ്യങ്ങൾ അറിയുന്ന, കർഷകസമൂഹത്തിന്റെ വേദന മനസിലാക്കുന്ന ഒരാൾ വനംവകുപ്പ് കൈകാര്യം ചെയ്യുന്നത് ജനങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കും. കർഷകസമൂഹവുമായി അടുത്ത ബന്ധമുള്ള കേരള കോൺഗ്രസ് പോലുള്ള പാർട്ടികൾക്ക് ഈ വിഷയത്തിൽ കൂടുതൽ സഹാനുഭൂതിയോടെയുള്ള ഇടപെടൽ നടത്താൻ സാധിക്കുമെന്ന അഭിപ്രായവും പൊതുസമൂഹത്തിലുണ്ട്. എന്നാൽ പാർട്ടി എന്നതിലുപരി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനും ധൈര്യത്തോടെ ഇടപെടാനും കഴിയുന്ന വ്യക്തിയാണ് പ്രധാനമെന്ന് കർഷകജനത വിശ്വസിക്കുന്നു.
2. വിദ്യാഭ്യാസ വകുപ്പ്: ദൂരക്കാഴ്ചയോടുകൂടിയ പരിഷ്കാരങ്ങൾ അനിവാര്യമാണ്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സമൂഹത്തിന്റെ സംഭാവന അതുല്യമാണ്. അതിനാൽ വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യ സ്വഭാവവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് കത്തോലിക്കാ കോൺഗ്രസിന്റെ ആവശ്യം.
വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ കാമ്പസുകൾ ആരംഭിക്കാൻ അവസരം നൽകണമെന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ശരിയായ നിയന്ത്രണങ്ങളോടും നിലവാരം പുലർത്തുമെന്ന ഉറപ്പോടുംകൂടി ഇത് നടപ്പിലാക്കിയാൽ: വിദ്യാർഥികളുടെ വിദേശപലായനം കുറയും, ആഗോള നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാകും, ഗവേഷണ സംസ്കാരം വളരും, തൊഴിൽ അവസരങ്ങൾ വർധിക്കും, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല കൂടുതൽ ശക്തമാകും.
വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് പരിചയസമ്പന്നനും വിദ്യാഭ്യാസരംഗത്തെക്കുറിച്ച് ക്രാന്തദർശനവുമുള്ള നേതാവായിരിക്കണം എന്ന അഭിപ്രായം ശക്തമാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും എല്ലാവരെയും ഉൾക്കൊള്ളാനും കഴിയുന്ന വ്യക്തി ഈ വകുപ്പ് കൈകാര്യം ചെയ്യണമെന്നാണ് പൊതുസമൂഹത്തിന്റെ പൊതുവിലുള്ള അഭിപ്രായം എന്നത് സ്പഷ്ടമാണ്. വിദ്യാഭ്യാസ മന്ത്രിസ്ഥാനം കോൺഗ്രസ് പാർട്ടി ഏറ്റെടുക്കുന്നതാണ് പല കാരണങ്ങളാൽ ഉചിതം.
ഉപസംഹാരം
ജനങ്ങളുടെ ജീവിതസുരക്ഷ, കർഷകരുടെ അവകാശങ്ങൾ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, സാമൂഹ്യനീതി, കുടുംബങ്ങളുടെ ഭാവി എന്നിവ സംരക്ഷിക്കപ്പെടുന്ന ഭരണമാണ് കത്തോലിക്ക കോൺഗ്രസ് പുതിയ സർക്കാരിൽനിന്ന് ആഗ്രഹിക്കുന്നത്. വികസനവും മനുഷ്യരോടുള്ള കരുതലും ഒരുമിക്കുന്ന ഭരണമാണ് കേരളത്തിന് ഇന്ന് ഏറ്റവും ആവശ്യമുള്ളത് എന്നതുകൊണ്ടാണ് ഭരണമാറ്റത്തിനുവേണ്ടി ജനം വിധി എഴുതിയിരിക്കുന്നത് എന്നത് മറക്കരുത്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ അംബാലയിൽ നിന്നു കാണാതായ യുവതിയെ കൊലപ്പെടുത്തി ഹിമാചൽ പ്രദേശിലെ വനത്തിൽ ഉപേക്ഷിച്ചു. അംബാല സ്വദേശിനി അമൻദീപ് (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് സന്ദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലുള്ള പവോണ്ട സാഹിബ് വനമേഖലയിൽ നിന്ന് പകുതി കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മെയ് 12 ന് അമ്മയുടെ മെഡിക്കൽ റിപ്പോർട്ട് വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ അമൻദീപിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഇതേ തുടർന്ന് അമൻദീപിന്റെ ബന്ധുവായ ജസ്പാൽ സിംഗ് പോലീസിൽ പരാതി നൽകി. പിന്നീട് പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അംബാലയിലെ വാടക വീട്ടിലേക്ക് അമൻദീപിനെ വിളിച്ചുവരുത്തിയ പ്രതി, ശീതളപാനിയത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹിമാചൽ പ്രദേശിലെ വനമേഖലയിൽ ഇയാൾ മൃതദേഹവുമായി എത്തുകയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം പിതാവ് മരിച്ചതിനെ തുടർന്ന് ട്യൂഷൻ എടുത്താണ് അമൻദീപ് കുടുംബം പുലർത്തിയിരുന്നത്. രോഗികളായ അമ്മയെയും സഹോദരിയെയും ചികിത്സാചെലവുകൾ കണ്ടെത്തിയുരുന്നതും അമൻദീപായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണവും മറ്റാരെങ്കിലും സാഹായിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ച് വരികയാണ്.
Kerala
പത്തനംതിട്ട; വി.ഡി.സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ചതിൽ മലക്കംമറിഞ്ഞ് കെ.യു. ജനീഷ് കുമാർ എംഎൽഎ. കോന്നിയുടെ വനസൗന്ദര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ജനീഷ് കുമാറിന്റെ പുതിയ വിശദീകരണം.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടാൽ താൻ വനവാസത്തിനു പോകുമെന്ന് സതീശൻ പറഞ്ഞിരുന്നു. സതീശന് വനവാസത്തിന് പറ്റിയ കാടുകൾ കോന്നിയിലുണ്ടെന്ന് ജനീഷ് ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തെരഞ്ഞെടുത്തതോടെയാണ് ജനീഷ് കുമാർ നിലപാട് മാറ്റിയത്.
ശ്രീരാമചന്ദ്രന്റെ വനവാസകാലത്തെ സ്മരണകളുറങ്ങുന്ന മണ്ണാണ് കോന്നിയെന്നും അവിടെ വനവാസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നുമായിരുന്നു ജനീഷ് കുമാർ പറഞ്ഞിരുന്നത്. ജില്ലയിലെ അഞ്ച് സീറ്റുകളും യുഡിഎഫ് നേടുമെന്ന സതീശന്റെ അവകാശവാദത്തെയും അദ്ദേഹം പരിഹസിച്ചിരുന്നു.
യുഡിഎഫ് പരാജയപ്പെടുമെന്നും തോൽവിക്ക് പിന്നാലെ സതീശന് വനവാസത്തിനായി കോന്നിയിലേക്ക് വരാമെന്നും ജനീഷ് കുമാർ ഫേയ്സ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോൾ അദ്ദേഹം തിരുത്തിയത്.
Kerala
ഇരിട്ടി: വീട്ടുകാരെ വിറപ്പിച്ചു കുളിമുറിയിൽ കൂറ്റൻ രാജവെമ്പാല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ പുലിക്കരി ഷിജുവിന്റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാലയെ കണ്ടത്. ആർആർടിയുടെ സഹായത്തോടെ
ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
ബാത്ത് റൂമിന്റെ ചുമരിൽ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയിൽ ചാടിച്ച ശേഷമാണ് പിടികൂടിയത്. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. മൂന്നു വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 112 -മത്തെ രാജവെമ്പാലയാണിത്.
National
ന്യൂഡൽഹി: ഭട്ടി മൈൻസിനു സമീപമുള്ള വനപ്രദേശത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 14 വയസുള്ള വിദ്യാർഥി ശ്വാസംമുട്ടി കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് കണ്ടെത്തിയത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്സനിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള മകനെ വനത്തിൽ ഉപേക്ഷിച്ചു. ബീഗംഗഞ്ച് സ്വദേശി രാജേന്ദ്ര അഹിർവാരാണ് ഭാര്യ ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയും മകനെ വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തത്.
മൊബൈൽ ഫോൺ വാങ്ങി നൽകാമെന്ന് പറഞ്ഞ് ജ്യോതിയെയും മകനെയും കൂട്ടി രാജേന്ദ്ര വീട്ടിൽ നിന്നിറങ്ങുകയായിരുന്നു. എന്നാൽ ബീഗംഗഞ്ചിലേക്ക് പോകുന്നതിനുപകരം ഹൈദർഗഡിന് സമീപമുള്ള വനപ്രദേശത്തേയ്ക്കാണ് ഇയാൾ കൊണ്ടുപോയത്. വനത്തിനുള്ളിൽ വച്ച് രാജേന്ദ്ര, ജ്യോതിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ വനത്തിൽ ഉപേക്ഷിച്ചു.
ജ്യോതിയും മകനും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംശയത്തിന്റെ അടിസ്ഥാനത്തിൽ രാജേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ഉടൻ തന്നെ പോലീസ് തിരച്ചിൽ നടത്തുകയും 10 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ ജീവനോടെ കണ്ടെത്തുകയും ചെയ്തു. കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
District News
തെന്മല: കൊല്ലം തെന്മലയില് വനത്തിനുള്ളില് നിന്നു മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങള് കണ്ടെത്തി. തെന്മല ഡാം ജംഗ് ഷനിലെ ഉന്നതിയോട് ചേര്ന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങള് കണ്ടെത്തിയത്.
വിറക് ശേഖരിക്കാന് പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്്ടങ്ങള് കണ്ടത്. സമീപത്തായി വസ്ത്രവും ചെരുപ്പും മരത്തില് ദ്രവിച്ച കയറും കണ്ടെത്തിയിട്ടുണ്ട്.
പുരുഷന്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു. തെന്മല പോലീസും ഫോറന്സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
തുടര്ന്ന് ആശുപത്രിയിലേക്കു മാറ്റി. 2024 ജൂലൈയില് സമീപപ്രദേശത്ത് നിന്ന് കാണാതായ വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും പോലീസ് വ്യക്തമാക്കി.
Kerala
കൊല്ലം: തെന്മലയിൽ വനത്തിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്.
വനത്തിൽ വിറക് ശേഖരിക്കാൻ പോയവരാണ് സംഭവം ആദ്യം കണ്ടത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സംഭവത്തിലെ അസ്വഭാവികത കണക്കിലെടുത്ത് തെന്മല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണതായവരുടെ വിവരങ്ങൾ സഹിതം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: അട്ടപ്പാടിയില് അമ്മയാന ഉപേക്ഷിച്ച കുട്ടിയാന ധോണി ആന പരിപാലന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചരിഞ്ഞു. അബ്ബന്നൂരില് പാറയിടുക്കില് കുടുങ്ങിയ നിലയില് കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്.
ഏപ്രിൽ 14ന് ആയിരുന്നു ജനിച്ച് മണിക്കൂറുകള് മാത്രം പ്രായമുളള ആനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥര് പാറക്കെട്ടിനിടയില് കുടുങ്ങിയ നിലയില് കണ്ടെത്തിയത്. പിന്നാലെ പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയിരുന്നു.
തുടർന്ന് താത്കാലിക താവളം ഒരുക്കി സംരക്ഷണം നല്കുകയായിരുന്നു. തിരികെ കൊണ്ടുപോകാന് ആനക്കൂട്ടം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു താത്കാലിക സംരക്ഷണ കേന്ദ്രം ഒരുക്കി കുട്ടിയാനയെ വനത്തിൽ തന്നെ പാർപ്പിച്ചത്.
തുടർന്ന് ആനക്കൂട്ടം തിരികെ വരാതായതോടെ ഒരാഴ്ച മുന്പാണ് കുട്ടിയാനയെ ധോണി ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്. പോസ്റ്റ്മോര്ട്ടത്തിന് ശേഷം ജഡം സംസ്കരിച്ചു.
SUNDAY DEEPIKA
നമീബിയൻ തീരത്തെ സ്കെലിറ്റൺ കോസ്റ്റ് കപ്പൽ ശ്മശാനങ്ങൾ മാത്രമല്ല. കഠിനമായ സാഹചര്യങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ നേരിടുന്ന അപൂർവ ജീവജാലങ്ങളുടെ വിസ്മയലോകം കൂടിയാണ് ഇവിടം...
സ്കെലിറ്റൺ കോസ്റ്റിന്റെ ഭീതിപ്പെടുത്തുന്ന ചരിത്രവും അവിടെ തകർന്നടിഞ്ഞ കപ്പലുകളുടെ കഥകളും കണ്ടുവല്ലോ. എന്നാൽ ഇവിടം ഒരു കപ്പൽ ശ്മശാനം മാത്രമല്ല. മറിച്ച് കഠിനമായ സാഹചര്യങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ നേരിടുന്ന അപൂർവ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ഒരു വിസ്മയലോകം കൂടിയാണ് ഇവിടം. മരണത്തിന്റെ മണംപേറുന്ന ഈ മണ്ണിൽ ജീവിതം എങ്ങനെ തളിരിടുന്നുവെന്നത് വിസ്മയകരമാണ്.
ജീവന്റെ തുടിപ്പുകൾ
അത്യന്തം കഠിനമായ പ്രകൃതിയുള്ള ഒരിടമാണെങ്കിലും ഇവിടെ നിരീക്ഷിക്കാൻ ധാരാളം ജീവനുകളുണ്ട്. മരുഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ആനകൾ, കാണ്ടാമൃഗങ്ങൾ, മരുഭൂമിയിലെ സിംഹങ്ങൾ, തവിട്ടുനിറത്തിലുള്ള കഴുതപ്പുലികൾ, കുറുക്കന്മാർ, ജിറാഫുകൾ, സീലുകൾ, ഓറിക്സ്, കുഡു, പ്രത്യേകയിനം കുതിരകൾ എന്നിവയെല്ലാം ഇവിടെ ജീവിക്കുന്നു.
മഴ തീരെ ലഭിക്കാത്ത ഈ പ്രദേശത്തോട് അത്ഭുതകരമായ രീതിയിൽ പൊരുത്തപ്പെട്ട ചില സസ്യങ്ങളും ഇവിടെയുണ്ട്. ഇവ നിലനിൽക്കുന്നത് പൂർണമായും അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് ദിവസേന എത്തുന്ന മഞ്ഞിനെ ആശ്രയിച്ചാണ്. ആ സസ്യങ്ങൾ ഇവയാണ്...
വെൽവിറ്റ്ഷ്യ
ലോകത്തിലെ ഏറ്റവും വിചിത്രമായ സസ്യങ്ങളിൽ ഒന്നാണിത്. വെൽവിറ്റ്ഷ്യയെ "ജീവനുള്ള ഫോസിൽ’ എന്നാണ് വിളിക്കുന്നത്. വെൽവിറ്റ്ഷ്യ സസ്യത്തിന് അതിന്റെ ജീവിതകാലം മുഴുവൻ രണ്ടു ഇലകൾ മാത്രമേ ഉണ്ടാകൂ. കാലംചെല്ലുംതോറും ഈ ഇലകൾ കാറ്റിൽ കീറിപ്പറിഞ്ഞ് പല ഇലകളായി തോന്നിപ്പിക്കുമെന്നു മാത്രം! 1000 മുതൽ 1500 വർഷം വരെ ഇവയ്ക്ക് ആയുസുണ്ട്. മരുഭൂമിയിലെ കഠിനമായ വെയിലിനെ പ്രതിരോധിക്കാൻ ഇതിന്റെ നീളമുള്ള വേരുകൾ സഹായിക്കുന്നു. സമുദ്രത്തിൽനിന്നുള്ള മഞ്ഞിലെ ഈർപ്പം ഇലകളിലൂടെ ആഗിരണം ചെയ്താണ് ഇവ നിലനിൽക്കുന്നത്.
നാരാ മെലണുകൾ
നമീബ് മണൽക്കുന്നുകളിൽ മാത്രം കാണപ്പെടുന്ന അപൂർവ സസ്യമാണിത്. ഇതിന് ഇലകളില്ല, പകരം പ്രകാശസംശ്ലേഷണം നടത്തുന്നത് പച്ചനിറത്തിലുള്ള മുള്ളുകളാണ്. മരുഭൂമിയിലെ മൃഗങ്ങൾക്കും പ്രാദേശിക ഗോത്രവർഗക്കാർക്കും ഇതൊരു പ്രധാന ഭക്ഷണസ്രോതസാണ്. ഇതിന്റെ ഉള്ളിലെ പോഷകഗുണമുള്ള കുരുക്കൾ ഔഷധമായും ആഹാരമായും ഉപയോഗിക്കുന്നു.
ലിത്തോപ്സ്
"ജീവനുള്ള കല്ലുകൾ’ എന്നാണ് ഇവ അറിയപ്പെടുന്നത്. മരുഭൂമിയിലെ കല്ലുകൾക്കിടയിൽ ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. ഇലകൾ ഉരുണ്ടതും കല്ലുകൾക്ക് സമാനമായ നിറമുള്ളതുമാണ്. മൃഗങ്ങൾ ഭക്ഷിക്കാതിരിക്കാനുള്ള ഒരു പ്രകൃതിദത്തമായ മാർഗമാണിത്. മഴ ലഭിക്കുമ്പോൾ ഈ ഇലകൾക്കുള്ളിൽ ധാരാളം ജലം ശേഖരിച്ചു വയ്ക്കുന്നു. മാസങ്ങളോളം വെള്ളമില്ലാതെ കഴിയാൻ ഇവയ്ക്ക് സാധിക്കും.
ലിച്ചെൻ
മരുഭൂമിയിലെ പാറകളിലും മണ്ണിലും പറ്റിപ്പിടിച്ചു വളരുന്ന ഒരു തരം സസ്യവർഗമാണിത്. പായലുകളോട് സാമ്യമുള്ള ഇവ പല നിറങ്ങളിലുണ്ട്. വേരുകളില്ലാത്ത ഈ സസ്യങ്ങൾ സമുദ്രത്തിൽനിന്നുള്ള മഞ്ഞിലെ ജലകണികകളെ നേരിട്ട് ആഗിരണംചെയ്യുന്നു. മഞ്ഞു ലഭിക്കുമ്പോൾ ഉണങ്ങിക്കിടക്കുന്ന ഇവ പെട്ടെന്ന് പച്ചനിറമാകുന്നത് കാണാൻ അതിമനോഹരമാണ്. നൂറുകണക്കിന് വർഷങ്ങൾ ഇവയ്ക്ക് നിലനിൽക്കാൻ കഴിയും.
പെൻസിൽ ബുഷ്
ഇത് കള്ളിമുൾച്ചെടികളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു സസ്യമാണ്. പെൻസിൽ പോലെ നീളമുള്ളതും പച്ചനിറത്തിലുള്ളതുമായ ശാഖകളാണ് ഇതിനുള്ളത്. ജലനഷ്ടം ഒഴിവാക്കാൻ ഇവയ്ക്കും ഇലകൾ വളരെ കുറവായിരിക്കും. ശാഖകൾ മുറിക്കുമ്പോൾ പുറത്തുവരുന്ന പാൽ പോലുള്ള ദ്രാവകം വിഷാംശമുള്ളതാണ്. മൃഗങ്ങൾ ചെടി തിന്നാതിരിക്കാൻ ഇത് സഹായിക്കുന്നു.
ഇനി നമീബിയൻ തീരത്തെ പ്രധാന വന്യജീവികളെക്കുറിച്ചറിയാം:
മരുഭൂമിയിലെ സിംഹങ്ങൾ
ലോകത്ത് സമുദ്രതീരത്ത് വേട്ടയാടുന്ന ഏക സിംഹ വർഗമാണിത്. കടൽതീരത്തെ സീൽ, സമുദ്രപക്ഷികൾ എന്നിവയെയാണ് വേട്ടയാടുന്നത്. കടൽ ഉത്പന്നങ്ങളിൽനിന്നുള്ള പ്രോട്ടീൻ ഇവരുടെ അതിജീവനത്തിന് സഹായിക്കുന്നു. വെള്ളമില്ലാതെ ദിവസങ്ങളോളം കഴിയാൻ ഇവർക്ക് സാധിക്കും. ഇരകളിൽനിന്നാണ് ശരീരത്തിന് ആവശ്യമായ ദ്രാവകം കണ്ടെത്തുന്നത്.
കേപ് ഫർ സീലുകൾ
നമീബിയൻ തീരത്തെ "കേപ് ക്രോസ്’ ലോകത്തിലെതന്നെ ഏറ്റവും വലിയ സീൽ കോളനികളിൽ ഒന്നാണ്. ലക്ഷക്കണക്കിന് സീലുകളാണ് ഇവിടെ ഒത്തുകൂടുന്നത്. ബെൻഗ്വേല പ്രവാഹം കൊണ്ടുവരുന്ന ധാരാളമായ മത്സ്യസമ്പത്താണ് ഇവരെ ഇവിടേക്ക് ആകർഷിക്കുന്നത്. കട്ടിയുള്ള രോമങ്ങളും കൊഴുപ്പിന്റെ പാളിയും അറ്റ്ലാന്റിക്കിലെ മരവിപ്പിക്കുന്ന തണുത്ത വെള്ളത്തിൽനിന്ന് ഇവയെ സംരക്ഷിക്കുന്നു.
മരുഭൂമിയിലെ ആനകൾ
മണലിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ സഹായിക്കുന്ന നീളമുള്ള കാലുകളും വിസ്താരമുള്ള പാദങ്ങളും ഉണ്ട് ഈ ആനകൾക്ക്. ഭൂഗർഭ ജലസ്രോതസുകൾ എവിടെയാണെന്ന് കണ്ടെത്താൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. വെള്ളത്തിനായി ദിവസം ഏതാണ്ട് 70 കിലോമീറ്ററോളം ഇവർ സഞ്ചരിക്കാറുണ്ട്.
മഞ്ഞിൽനിന്ന് വെള്ളം കുടിക്കുന്ന വണ്ടുകൾ
ഈ പ്രദേശത്തെ ഏറ്റവും അത്ഭുതകരമായ ഒരു ജീവിയാണിത്. അതിരാവിലെ മൂടൽമഞ്ഞ് ഉള്ളപ്പോൾ ഈ വണ്ടുകൾ മണൽക്കുന്നുകളുടെ മുകളിൽ തലകീഴായി നിൽക്കും. വണ്ടിന്റെ പുറംതോടിൽ തങ്ങിനിൽക്കുന്ന മഞ്ഞുതുള്ളികൾ ഉരുണ്ട് നേരേ അതിന്റെ വായിലേക്ക് എത്തും.
ബ്രൗൺ ഹെയ്ന
സ്കെലിറ്റൺ കോസ്റ്റിലെ പ്രധാനപ്പെട്ട ഒരു "ശുചീകരണ തൊഴിലാളി’യാണ് ബ്രൗൺ ഹെയ്ന. രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന ഇവ കടൽതീരത്ത് അടിഞ്ഞുകൂടുന്ന ചത്ത മത്സ്യങ്ങളെയും സീലുകളെയും ഭക്ഷിക്കുന്നു. വളരെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഹെയ്ന മരുഭൂമിയിലെ കഠിനമായ സാഹചര്യങ്ങളുമായി പൂർണമായും പൊരുത്തപ്പെട്ടവരാണ്.
പക്ഷികൾ
തീരപ്രദേശത്ത് ഫ്ലെമിംഗോകൾ, പെലിക്കണുകൾ, കോർമോറന്റുകൾ എന്നിവയെ ധാരാളമായി കാണാം. സമുദ്രത്തിലെ പോഷകസമൃദ്ധമായ ജലം ഇവയ്ക്ക് ആവശ്യമായ ഭക്ഷണം നൽകുന്നു. പ്രകൃതിയിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും ജീവൻ എങ്ങനെ തളിർക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നമീബിയൻ തീരം. ഇവിടത്തെ വന്യജീവികൾ പരിണാമത്തിലൂടെ കൈവരിച്ച കഴിവുകൾ ശാസ്ത്രലോകത്തെ ഇന്നും അത്ഭുതപ്പെടുത്തുന്നു
National
സുൽത്താൻബത്തേരി: ഗൂഡല്ലൂരിനടുത്ത് വനത്തില് സ്ത്രീയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില് കണ്ടെത്തി. പൈക്കാര അനുപുറം സ്വദേശി പാര്വതി (58)യാണ് മരിച്ചത്. വീടിനടുത്തുനിന്നു രണ്ടു കിലോമീറ്റര് അകലെ ഉള്വനത്തിലായാണ് മൃതദേഹം കണ്ടെത്തിയത്.
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പകല് കുടുബകലഹത്തെത്തുടര്ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു പാര്വതി. ബന്ധുവീട്ടിലേക്കായിരിക്കും പോയിരിക്കുകയെന്ന നിഗമനത്തില് വീട്ടുകാര് മതിയായ അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല് പിന്നീടാണ് ബന്ധുവീട്ടില് എവിടെയും എത്തിയിട്ടില്ലെന്ന് അറിഞ്ഞത്.
പരിഭ്രാന്തരായ ബന്ധുക്കള് ജനപ്രതിനിധികളുടെയും മറ്റും സഹായം തേടി ബുധനാഴ്ച പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു. തുടര്ന്ന് പൈക്കാര ഫോറസ്റ്റ് റെയ്ഞ്ചര് മഞ്ജുഹാസിനിയുടെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തില് ഇവരുടെ വീടിന് സമീപത്തെ തേയിലത്തോട്ടത്തില് വന്യജീവിയുടെ കാല്പ്പാടുകള് കണ്ടെത്തി.
തുടര്ന്നുള്ള തെരച്ചിലിനായി ആന്റി നക്സല് സ്ക്വാഡിനെയാണ് ചുമതലപ്പെടുത്തിയത്. ഈ സംഘം നടത്തിയ പരിശോധനയിലാണ് ഉള്വനത്തില് കര്പ്പാകം റിസര്വ് വനഭാഗത്ത് പാര്വതിയുടെ മൃതദേഹഭാഗങ്ങള് കണ്ടെത്തിയത്.
പോലീസ് എത്തി ഇന്ക്വസ്റ്റ് നടത്തിയ ശേഷം ഊട്ടി മെഡിക്കല് കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ പോസ്റ്റ്മോര്ട്ടത്തിലാണ് പാര്വതി കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ടതൊണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഭവത്തില് പോലീസ് വിശദമായ അന്വേഷണം നടത്തും. വീട്ടമ്മ വീടുവിട്ടിറങ്ങാനുണ്ടായ സാഹചര്യങ്ങള് അന്വേഷിച്ചേക്കും. കൊല്ലപ്പെട്ട പാര്വതിയുടെ ബന്ധുക്കള് പരാതി നല്കിയാല് സ്ത്രീ വീടുവിട്ടിറങ്ങാന് കാരണക്കാരായവരെ അടക്കം പോലീസ് ചോദ്യംചെയ്യും.
Kerala
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പ്രചാരണങ്ങളുടെയും തിരക്കുകൾക്ക് ശേഷം കുട്ടിക്കാനത്തിന്റെ തണുപ്പിൽ അവധി ആഘോഷിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലനിരകളിൽ ട്രെക്കിംഗ് നടത്തുന്നതിന്റെയും സുഹൃത്തുക്കൾക്കൊപ്പം വിശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ-ഓർഡിനേറ്റർ താര ടോജോ അലക്സാണ് സതീശന്റെ അവധിക്കാല വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. "വനത്തിലാണ്.... വനവാസത്തിലല്ല" എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം താൻ കാടുകയറാൻ പോകുമെന്നും ട്രെക്കിംഗ് തനിക്ക് പ്രിയപ്പെട്ടതാണെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മികച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരാജയം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വെല്ലുവിളിയുമായി ബന്ധപ്പെടുത്തിയാണ് 'വനവാസത്തിലല്ല' എന്ന താര ടോജോയുടെ കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ വരുന്നത്.
തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, അടുത്ത സുഹൃത്തുക്കൾക്കൊപ്പം കുട്ടിക്കാനത്തെ റിസോർട്ടിലാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്. ഇടയ്ക്കിടെ ഇത്തരം യാത്രകൾ പോകാറുള്ള സതീശൻ, രാഷ്ട്രീയ തിരക്കുകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്.
National
സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.
കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
District News
കോന്നി: കൊടും ചൂടിൽ കാടിനുള്ളിലും വെള്ളവും തീറ്റയുമില്ലാതായതോടെ വന്യമൃഗങ്ങളും പുറത്തേക്ക്. വനത്തിനുള്ളിലെ സ്വാഭാവിക നീരുറവകളും തോടുകളും വറ്റിവരണ്ടതോടെ വന്യജീവികൾ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ഒറ്റപ്പെട്ട വേനൽമഴ മാത്രമാണ് കാടിനും വന്യമൃഗങ്ങൾക്കും നേരിയ ആശ്വാസമാകുന്നത്.കഴിഞ്ഞ മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നത് കാടിന്റെ ആവാസവ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.
ഉൾവനങ്ങളിലെ കുളങ്ങളും അരുവികളും വറ്റിയതോടെ ആനയടക്കമുള്ള വന്യമൃഗങ്ങൾ ജലത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയിലാണ്. ഇതിനൊപ്പം പുല്ലും സസ്യങ്ങളും കരിഞ്ഞുണങ്ങിയത് സസ്യഭുക്കുകളായ ജീവികളുടെ ഭക്ഷണത്തെയും ബാധിച്ചു. ഇത് പലപ്പോഴും മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമാകുന്നുണ്ട്.പകൽസമയത്തെ അസഹനീയമായ ചൂട് കാരണം മൃഗങ്ങൾ കാടിനുള്ളിലെ തണൽ തേടി ഒതുങ്ങിക്കൂടുകയാണ്.
മുൻകരുതലുമായി വനംവകുപ്പ്
കൊടുംചൂടിൽ വന്യമൃഗങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനപാലകർ പറഞ്ഞു.വനത്തിനുള്ളിൽ നിർമിച്ചിട്ടുള്ള കൃത്രിമ ജലസംഭരണികളിൽ വെള്ളം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. വേനൽമഴ ലഭിച്ചെങ്കിലും അധികൃതർ ജാഗ്രത തുടരുകയാണ്. ലന്റന പോലുള്ള അധിനിവേശ സസ്യങ്ങൾ കാട്ടുതീ പടരാൻ കാരണമാകുമെന്നതിനാൽ ഫയർ ലൈനുകൾ തെളിക്കുന്ന ജോലികളും സജീവമാണ്.
ഇടയ്ക്കു ലഭിക്കുന്ന വേനൽമഴ നേരിയ ആശ്വാസമാകുന്നുണ്ട്. നീർച്ചാലുകൾ സജീവമായിട്ടില്ലെങ്കിലും കുളങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ മഴ കാരണമായി. മഴ പെയ്തതോടെ കാടിന്റെ പച്ചപ്പ് തിരികെ വരാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, വേനൽ ഇനിയും കടുക്കാനുള്ള സാധ്യത മുൻനിർത്തി അതീവ ജാഗ്രതയിലാണ് വനംവകുപ്പും പരിസ്ഥിതി പ്രവർത്തകരും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രിക തിരുത്തി. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളിലുമാണ് മാറ്റം വരുത്തിയത്.
വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്നതും സംരക്ഷിത വനമേഖലകളിലും കോർസോണിന് ചുറ്റും ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്നതും ഒഴിവാക്കി. മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ നടപ്പിലാക്കുമെന്നതും ഒഴിവാക്കിയിട്ടുണ്ട്.
ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാർ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നിൽ അവതരിപ്പിക്കും എന്നാണ് തിരുത്തൽ. ബഫർസോണിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ട് മാത്രമെ നിയന്ത്രണങ്ങൾ നടപ്പിലാക്കൂവെന്നും പ്രകടന പത്രികയിൽ പറയുന്നു.
Kerala
സംസ്ഥാനത്ത് ഇടതുമുന്നണിക്കു നല്ല രാഷ്ട്രീയ-ജനകീയ അടിത്തറയുണ്ട്. കഴിഞ്ഞ പത്തു വർഷത്തെ ഇടതുമുന്നണി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ മറക്കില്ല. ജനങ്ങളാണു മുന്നണിയുടെ കരുത്ത്. നല്ല ഭൂരിപക്ഷത്തോടെ ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരും-സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നല്ല ആത്മവിശ്വാസത്തിലാണ്.
താങ്കൾ മത്സരിക്കാത്തതെന്തെന്ന ചോദ്യത്തിനും അദ്ദേഹത്തിനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുകയാണ്. അദ്ദേഹമാണു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടി കേന്ദ്ര നേതൃത്വം ഒരു പിബി അംഗം മത്സരിച്ചാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ദീപികയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
കോണ്ഗ്രസ് വളരെ ആത്മവിശ്വാസത്തിലാണ്. ഭരണം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നാണു പറഞ്ഞിരിക്കുന്നത്?
സതീശന്റേതു ഭംഗിയുള്ള കളവാണ്. ഒരു കാരണവശാലും യുഡിഎഫിനു ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ല. തെരഞ്ഞെടുപ്പാകുന്പോൾ ഇത്തരത്തിലുള്ള പരാമർശങ്ങളൊക്കെ ഉണ്ടാകും. ഇതിനേയും അങ്ങനെ കണ്ടാൽ മതി. ഒരു കാര്യം ഉറപ്പാണ്. യുഡിഎഫ് ജയിക്കാനും പോകുന്നില്ല. സതീശൻ വനവാസത്തിനു പോകാനും പോകുന്നില്ല. ഇതാണു സംഭവിക്കാൻ പോകുന്നത്.
ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമോ ?
ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ അവരുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമം അവർ നടത്തുന്നുണ്ട്. പക്ഷേ കേരളത്തിൽ അതു നടക്കാൻ പോകുന്നില്ല. ബിജെപിയെയും വർഗീയ ശക്തികളെയും പ്രതിരോധിക്കുകയെന്നതാണു സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രധാന കടമ. അതു ഭംഗിയായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പു വരുന്പോൾ യുഡിഎഫ് ബിജെപിയെ സഹായിക്കാറുണ്ട്. യുഡിഎഫിന്റെ പിന്തുണയില്ലാതെ ബിജെപിക്ക് ഒരു നേട്ടവും കേരളത്തിൽ ഉണ്ടാക്കാൻ ആകില്ല.
പ്രതിപക്ഷം ആരോപിക്കുംപോലെ സിപിഎമ്മും ബിജെപിയും തമ്മിൽ എന്തെങ്കിലും ഡീൽ ഉണ്ടോ ?
യുഡിഎഫിന്റെ പെയ്ഡ് പിആർ ഏജൻസിയുടെ കുറിപ്പടിയാണിത്. അങ്ങനെയൊരു ഡീൽ സിപിഎമ്മിന് ആവശ്യമില്ല. ഒരു കാലത്തും പാർട്ടിയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ല. പന്തു ഗോൾ പോസ്റ്റിലേക്കാണ് അടിക്കേണ്ടത്. എന്നാൽ പന്ത് ഉയർത്തിയടിക്കുന്നു. ചിലപ്പോൾ കഷ്ടകാലത്തിനു പോസ്റ്റിലേക്കു കയറിപ്പോയാൽ കിട്ടി എന്ന രീതിയാണ്. ഇതാണു ഡീൽ ആരോപണവും. ബിജെപിയും കോണ്ഗ്രസും ഒരുമിച്ചുനിന്ന് വി.പി. സിംഗ്, ചന്ദ്രശേഖർ, ഗുജ്റാൾ എന്നിവരുടെ സർക്കാരുകളെ അട്ടിമറിച്ചത് ആരും മറക്കില്ല. ജനങ്ങൾ നല്ല വിവേകമുള്ളവരാണ്.
ജി. സുധാകരനെപ്പോലുള്ള മുതിർന്ന സിപിഎം നേതാക്കൾ പാർട്ടിവിട്ടത് ഒഴിവാക്കേണ്ടതായിരുന്നില്ലേ ? ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിനു വീഴ്ചയുണ്ടായില്ലേ ?
പാർട്ടിക്കുള്ളിൽ ആശയപരമായ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. സുധാകരൻ പോയത് ആശയപരമായ അഭിപ്രായവ്യത്യാസത്തിന്റെ ഭാഗമായല്ല. പാർലമെന്ററി വ്യാമോഹമാണ് സുധാകരനെ ഇങ്ങനെയൊരു മാനസികാവസ്ഥയിലെത്തിച്ചത്. പാർട്ടിയിൽ എല്ലാർക്കും എല്ലാക്കാലത്തും പാർലമെന്ററി രംഗത്തു പ്രവർത്തികാനാകില്ല. സുധാകരനു പാർട്ടിയിലും പാർലമെന്ററി രംഗത്തും ധാരാളം അവസരങ്ങൾ നൽകി. എന്നാൽ എല്ലാ കാലത്തും സുധാകരനു സ്ഥാനം വേണമെന്നത് അംഗീകരിക്കാൻ കഴിയില്ല.
പാർട്ടിക്കുള്ളിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പാർട്ടി വിട്ടത്. കണ്ണൂരിൽ സിപിഎമ്മിൽ എന്താണു സംഭവിക്കുന്നത് ?
എന്തു സംഭവിച്ചുവെന്നാണു പറയുന്നത്? കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പറയുന്നത് ആരോപണം മാത്രമാണ്. അതു പറയാനുള്ള വേദി അവർക്കുണ്ടായിരുന്നു. എന്നാൽ അവരതു ചെയ്യാതെ എതിരാളികൾക്ക് ആയുധം കൊടുക്കുകയായിരുന്നു. ഒരു വ്യക്തിക്ക് അഴിമതി നടത്തി ധനസന്പാദനം നടത്താൻ പാർട്ടി സംവിധാനത്തിൽ കഴിയില്ല.
പരാതിയോ സംശയമോ ഉന്നയിക്കപ്പെട്ടാൽ അതു പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്. ഇത് അറിയാത്തവരല്ല രണ്ടു പേരും. കുഞ്ഞികൃഷ്ണൻ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന വ്യക്തിയാണ്. വൈകി പാർട്ടി സംവിധാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വന്ന ആളാണ്. അതിന്റെ കുറവുണ്ട്. തന്റെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്. പാർട്ടിക്കു വധേയനായി പ്രവർത്തിക്കുന്ന ആളല്ല അദ്ദേഹം.
ടി.കെ. ഗോവിന്ദനു പല സ്ഥാനങ്ങളും പാർട്ടി നൽകി. എംഎൽഎ ആകാൻ പറ്റിയില്ല. അതിന്റെ വിഷമമാകും അദ്ദേഹത്തിനുള്ളത്. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് പാർട്ടിക്കെതിരേ പറയുന്നത്.
എം.വി. ഗോവിന്ദന്റെ ശൈലി മാറ്റണമെന്ന അഭിപ്രായം പൊതുവേ ഉണ്ട്. പാർട്ടിക്കും അങ്ങനെയൊരു അഭിപ്രായമില്ലേ?
ഓരോ വ്യക്തികൾക്കും അവരുടേതായ ശൈലിയുണ്ട്. ആ രീതിയിലാകും അവർ കാര്യങ്ങൾ അവതരിപ്പിക്കുക. അതാണു പാർട്ടി സെക്രട്ടറിയും ചെയ്തുവരുന്നത്. എം.വി. ഗോവിന്ദൻ തിരുത്തപ്പെടേണ്ടതുണ്ടെന്ന് ഇതുവരെയും പാർട്ടിക്കു തോന്നിയിട്ടില്ല.
പ്രസംഗങ്ങളിൽ താങ്കളും വിവാദ പരാമർശങ്ങൾ നടത്താറുണ്ട്. ഇതു ബോധപൂർവമാണോ അതോ വന്നുപോകുന്നതാണോ ?
വന്നുപോകുന്നതാണ്. ജീവിച്ചുവരുന്ന നാട്ടിലെ ശൈലി പ്രധാനമാണ്. യുക്തികളും ഉക്തികളും ഉണ്ടാകും. ഇതു മനസിലാക്കണം. എന്നാൽ ചില മാധ്യമ പ്രവർത്തകർ വിവാദമുണ്ടാക്കാൻ ശ്രമിക്കാറുണ്ട്. വാക്കുകൾ സൂക്ഷ്മതയോടെ പ്രയോഗിക്കണമെന്ന കാര്യത്തിൽ തനിക്കും എതിരഭിപ്രായമില്ല.
പിണറായി വിജയനും ഇത്തരം വിവാദ പദപ്രയോഗങ്ങൾ നടത്താറുണ്ട്. ഇക്കാര്യത്തിൽ നേതാക്കൾ ഒരു പുനർചിന്തനം നടത്തേണ്ടതല്ലേ ?
തെരഞ്ഞെടുപ്പു കാലത്തു അരാഷ്ട്രീയവത്കരണം നടത്താൻ വിവാദങ്ങൾ ഉണ്ടാക്കുന്നതു മാധ്യമങ്ങളുടെ ഒരു ശീലമാണ്. വിഷയങ്ങളുടെ ഗൗരവമനുസരിച്ചാണു താനും പിണറായിയുമൊക്കെ സംസാരിക്കുന്നത്. വിഷയത്തിന്റെ ഗൗരവത്തിനാണു പ്രസക്തി. അല്ലാതെ ഉപയോഗിക്കുന്ന വാക്കിനല്ല.
Kerala
ഇടുക്കി: മറയൂരിൽ ജനവാസമേഖലയെ വിറപ്പിച്ചു കാട്ടുപോത്തിന്റെ വിളയാട്ടം. ഒാടിയ വഴിയിൽ കണ്ണിൽ കണ്ടതെല്ലാം തകർത്തായിരുന്നു പോത്തിന്റെ പരാക്രമം. പഞ്ചായത്ത് ഒാഫീസിനുള്ളിലും ഹോട്ടലിലും കയറി ഫർണിച്ചറുകളും മറ്റും തകർത്തു.
ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പോത്തിന്റെ മുന്നിൽ പെടാതിരിക്കാൻ ജനം പലവഴി ഒാടി.
മറയൂർ പഞ്ചായത്ത് ഓഫീസിനുള്ളിലാണ് കാട്ടുപോത്ത് കയറിയത്. ഓഫീസിലെ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പലരും മേശപ്പുറത്തും തട്ടിൻപുറത്തും കയറിയാണ് ജീവൻ രക്ഷപ്പെടുത്തിയത്.
ഏറെ നേരം ഓഫീസിനുള്ളിൽ കുടുങ്ങിക്കിടന്ന പോത്തിനെ വനംവകുപ്പും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തിറക്കിയത്. തുടർന്നു സമീപത്തെ ഹോട്ടലിലും കയറിയ പോത്ത് അവിടെയുണ്ടായിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും തകർത്തു.
ഇതിനിടെ, കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുമുട്ടാംകുഴി ആദിവാസി കോളനിയിലെ കാമാക്ഷി, സെൽവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Kerala
കൊല്ലം: പുനലൂരില് ആദിവാസി യുവാവിനെ കാട്ടില് മരിച്ച നിലയില് കണ്ടെത്തി. തേന് വില്പ്പനയ്ക്കായി കഴിഞ്ഞ ദിവസമാണ് വീട്ടില് നിന്നും പോയത്. ഇയാളുടെ മരണത്തില് ദുരൂഹതയുണ്ടെന്ന് നാട്ടുകാര് ആരോപിച്ചു.
അരയ്ക്ക് താഴേക്ക് മുറിവേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുനലൂര് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
തേന് കൊടുക്കാനായി കാര് വിളിച്ച് പോയതാണ്. എന്നാല് അതിന് ശേഷം വീട്ടില് വന്നിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് നാട്ടുകാര് ആരോപിക്കുന്നു.
National
ഊട്ടി: തേയിലക്കാട്ടില് നാല് കടുവകള്. നഗരത്തിന് കുറച്ചകലെയുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് കടുവകളുടെ സാന്നിധ്യം.
തൊഴിലാളികളാണ് കടുവകളെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര് തള്ളയും കുഞ്ഞുങ്ങളുമാണ് തോട്ടത്തില് ഉള്ളതെന്നു സ്ഥിരീകരിച്ചു.
പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കടുവകളെ ഭയന്ന് ജോലിക്കിറങ്ങാന് കഴിയാത്ത സ്ഥിതിയിലാണ് തൊഴിലാളികള്.
District News
നിലന്പൂർ: മൂലേപ്പാടത്ത് പട്ടാപ്പകൽ കാട്ടാനയിറങ്ങി. മൂലേപ്പാടം ഹെൽത്ത് സെന്ററിന് സമീപത്താണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ കാട്ടാനയെത്തിയത്.
മൂലേപ്പാടം, തറമുറ്റം, എച്ച് ബ്ലോക്ക് ഭാഗങ്ങളിലെ നൂറോളം കുടുംബങ്ങളെ ഭീതിയിലാക്കിയാണ് ഒറ്റയാൻ ഈ മേഖലയിലേക്ക് എത്തിയത്.
Kerala
പത്തനാപുരം: വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ പിറവന്തൂർ മുള്ളുമല ഉന്നതിയിലെ ദമ്പതിമാർ കാട്ടാനക്കൂട്ടത്തിനു മുൻപിൽ അകപ്പെട്ടു. ആനക്കൂട്ടം പാഞ്ഞടുത്തതോടെ ദമ്പതിമാരായ കരുണാകരനും ഭാര്യ റംസയും രക്ഷപ്പെടാനായി മരത്തിൽ കയറി. പിന്നീട് വനപാലകർ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കരുണാകരൻ കൈയിലുള്ള മൊബൈൽ ഫോണിൽനിന്ന് വിവരം മണ്ണാറപ്പാറ വനം റെയ്ഞ്ച് ഓഫീസിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ വനപാലകരും ഉന്നതിയിലെ യുവാക്കളും മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടത്തി രക്ഷപ്പെടുത്തിയത്.
കട്ടാനക്കൂട്ടം മരത്തിന്റെ ചുവട്ടിൽ നിലയുറപ്പിച്ചതോടെ വനപാലകർ ആനയെ വിരട്ടിയോടിച്ചശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. കുറേദിവസം കാട്ടിൽ കഴിയാനുള്ള ആഹാരസാധനങ്ങളുമായി ചൊവ്വാഴ്ച രാവിലെയാണ് ഉൾവനത്തിലേക്ക് കരുണാകരനും ഭാര്യ റംസയും പോയത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പതിവായി കാടുകയറുന്നതാണ് ഇവർ. ദിവസങ്ങൾകൊണ്ടു ശേഖരിക്കുന്ന വിഭവങ്ങൾ തലച്ചുമടായി ഉന്നതിയിലെത്തിക്കുകയാണ് പതിവ്.
Kerala
തിരുവനന്തപരും: സംസ്ഥാനത്ത് വനം- വന്യജീവി വകുപ്പ് പങ്കാളിത്ത വനം പരിപാലനം പദ്ധതിക്കായി ജർമൻ ബാങ്കിൽ നിന്നും കോടികളുടെ വായ്പ എടുക്കുന്നു.
409.20 കോടി (56 മില്യണ് യൂറോ) ജർമനിയിലെ കെഎഫ്ഡബ്ല്യു ഡവലപ്മെന്റ് ബാങ്കിൽ നിന്നും വായ്പയായി വാങ്ങാനാണ് സംസ്ഥാന സർക്കാർ അനുമതി നല്കിയിരിക്കുന്നത്.
വനത്തിനുള്ളിലെ നടീൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും ശക്തിപ്പെടുത്താനും വന്യജീവി ആക്രമണം ലഘൂകരിക്കുവാനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.
പങ്കാളിത്ത വനപരിപാലനം (പിഎഫ്എം) പദ്ധതി നടപ്പാക്കുന്നതിനായി ജർമൻ ബാങ്കിൽ നിന്നും ഫണ്ട് ലഭ്യമാക്കുന്നതിനായി വനം വകുപ്പ് പദ്ധതി തയാറാക്കി നല്കിയിരുന്നു. പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 511.56 കോടി രൂപയാണ്. ഇതിൽ 409.20 കോടിയാണ് ജർമൻ ബാങ്ക് വായ്പയായി നല്കുക. ബാക്കി വരുന്ന 102.3 കോടി രൂപ സംസ്ഥാനം കണ്ടെത്തണം.
കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം മുഖേനയാണ് വായ്പകൾ സ്വീകരിക്കുകയെന്നും ഇതിനായി അനുമതി നല്കിയതായും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു.
വനം വകുപ്പ് തയാറാക്കിയ പദ്ധതി അംഗീകാരത്തിനും അനുമതിക്കുമായി ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. ഇതിലാണ് അനുമതി നല്കിക്കൊണ്ട് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഒടുവിൽ സംസ്ഥാന തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയിരിക്കുന്നു. ഇന്നു രാവിലെ തിരുവനന്തപുരം നഗരത്തിൽ കഴക്കൂട്ടത്ത് ആക്കുളം ബൈപ്പാസിലാണ് വാഹനം തട്ടിയ നിലയിൽ കാട്ടുപന്നിയെ കണ്ടെത്തിയത്.
തലസ്ഥാനത്തേക്കും കാട്ടുപന്നി എത്തിയെന്ന വാർത്ത നഗരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റ കാട്ടുപന്നിയെ രക്ഷിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികൾ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം, കാട്ടുപന്നികൾ നഗരത്തിലേക്ക് ഇറങ്ങിയാൽ അതു മനുഷ്യരുടെ ജീവനു ഭീഷണിയാണെന്നും അതു തടയാൻ നടപടിവേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. വനമില്ലാത്ത ആലപ്പുഴയിൽ കാട്ടുപോത്തിനെ കണ്ടതു ഏതാനും ആഴ്ചകൾക്കു മുമ്പാണ്.
വന്യമൃഗശല്യം വനത്തോടു ചേർന്നുള്ള പ്രദേശങ്ങളും മലയോരങ്ങളും വിട്ട് ടൗണുകളിലേക്കും നഗരങ്ങളിലേക്കും എത്തുകയാണ്. ഇതോടെയെങ്കിലും അധികാരികൾ ഉണർന്നു നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വന്യമൃഗ ശല്യത്താൽ വലയുന്ന കർഷകരും മലയോരവാസികളും.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, വനം-വന്യജീവി നിയമഭേദഗതി, യുവജന പലായനം എന്നീ വിഷയങ്ങളിൽ നിലപാട് പരസ്യമായി പറയാൻ സംസ്ഥാനത്തെ മൂന്നു മുന്നണികളും തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി.
മലയോര മേഖലയ്ക്കുവേണ്ടി കൃത്യമായ വികസനനയം മുന്നോട്ടു വയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആകുന്നില്ല. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വരെ കാട്ടുപോത്ത് ഇറങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോൾ നാട്ടിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാനും, ദേശീയ വനം-വന്യജീവി നിയമം ഭേദഗതി ചെയ്യുന്നതിൽ നിലപാടെടുക്കാനും മുന്നണികൾ തയാറാകണം. കേരളത്തിലെ യുവജനങ്ങളെ ഇവിടെ പിടിച്ചുനിർത്താൻ പര്യാപ്തമായ പദ്ധതികൾ പ്രഖ്യാപിക്കുകയും വേണം.
തെരഞ്ഞെടുപ്പാകുമ്പോൾ വലിയ വാഗ്ദാനങ്ങൾ അവതരിപ്പിക്കുകയും, ആരോപണ-പ്രത്യാരോപണ കോലാഹലങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങൾ മറയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി മാറണം. എല്ലാത്തരം വർഗീയതയെയും ഒരുപോലെ കാണുകയും എതിർക്കുകയും ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്കാവണം.
13നും 14നും കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ജന്മവാർഷിക യോഗത്തിലും അന്തർദേശീയ സമ്മേളനത്തിലും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 14ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സമുദായ ശക്തീകരണ സംഗമത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി അറിയിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഡോ. കെ.പി. സാജു, അഡ്വ. മനു ജെ. വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
District News
മുണ്ടക്കയം: കാണാതായ വയോധികനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഞ്ചവയൽ ആനിക്കുന്ന് കോട്ടക്കുഴിയിൽ ബേബി (90) ആണ് മരിച്ചത്.
കാരിശേരി വനം ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 11നാണ് ഇദ്ദേഹത്തെ വീട്ടിൽനിന്നു കാണാതായത്. ഓർമക്കുറവുള്ള ഇദ്ദേഹം ഈ ഭാഗത്തേക്കു തനിച്ച് നടന്നു പോയതാകുമെന്ന് പോലീസ് പറയുന്നു.
സംസ്കാരം ഇന്ന് മൂന്നിന് വണ്ടൻപതാലിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ സെമിത്തേരിയിൽ നടക്കും. ഭാര്യ: മറിയാമ്മ. മക്കൾ: സണ്ണി, സൂസമ്മ, കുഞ്ഞുമോൾ, പരേതയായ ലിസി. മരുമക്കൾ: മോളി, അച്ചൻകുഞ്ഞ്, തോമസ് കുര്യൻ, രാജു.
Kerala
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ ബാരാപ്പോൾ പദ്ധതി പ്രദേശത്ത് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രാഹുലിനെ പുള്ളിപ്പുലി ആക്രമിച്ചു. സഹപ്രവർത്തകർ ചേർന്നു ആകാശത്തേക്കു വെടിയുതിർത്തു രാഹുലിനെ രക്ഷപ്പെടുത്തി.
മാസങ്ങളോളം പഴക്കം ഉള്ള പരിക്കുകൾ ഉണ്ടായിരുന്ന പുള്ളിപ്പുലി പിന്നാലെ ചത്തു. ബാരാപോൾ പദ്ധതി പ്രദേശത്ത് പുഴത്തീരത്ത് സോളർ പാനലുകൾ സ്ഥാപിച്ച ഭാഗത്താണ് സംഭവം. വൈകിട്ട് 4.30 ഓടെ റീഡിംഗ് എടുക്കാൻ എത്തിയ കെഎസ്ഇബി സോളർ വിഭാഗം ജീവനക്കാരായ പ്രവീണും ധനേഷും ആണു പുലിയെ കാണുന്നത്.
ഭയന്നു ഓടിയ ഇരുവരും സോളർ പാനലിന്റെ മുകളിൽ കയറി ഇരുന്നു കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേരി റെജിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.രാഹുൽ, അമൽ, സരിക എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും സ്ഥലത്തെത്തി.
പുലി സമീപത്തെ കാടു പിടിച്ച ഭാഗത്തേക്കു കയറിയിട്ടുണ്ടെന്നു ഇവർ അറിയച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി ഈ ഭാഗത്തേക്കു നീങ്ങി. തെരച്ചിൽ നടത്തുന്നതിനിടയിൽ പുലി രാഹുലിനെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇവർ കൈവശം ഉണ്ടായിരുന്ന ടെൽവ് ബോർ തോക്ക് ഉപയോഗിച്ചു ആകാശത്തേക്കു വെടിയുതിർത്തു പുലിയെ അകറ്റി. പിന്നാലെ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
രാഹുലിനെ ഉടൻ ഇരിട്ടി അമല ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പുലി രാഹുലിനെ ആക്രമിക്കുമ്പോൾ പഞ്ചായത്ത് അംഗം ഉൾപ്പെടെ 50 മീറ്റർ ദൂരത്തിൽ ഉണ്ടായിരുന്നു.
കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം ആർആർടി വെറ്റിർനറി സർജൻ ഡോ. ഇല്യാസ് റാവുത്തർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം പരിശോധന നടത്തി. പുലിയുടെ ഇടതു മുൻകാലിന്റെ പാദത്തിൽ ആഴത്തിൽ മുറിവും ഇടതു പിൻകാലിൽ നീരും ഉണ്ടായിരുന്നു.
സ്വാഭാവികമായി തീറ്റ എടുക്കാൻ പറ്റാത്ത വിധം ക്ഷീണം ഉണ്ടായിരുന്ന പുലി പരിക്കുകൾ മൂലം ആണു ചത്തതെന്നാണ് നിഗമനം എന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 10 വയസിലധികം പ്രായം ഉള്ള ആൺപുലി ആയിരുന്നു. ആറളം ആർആർടി ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയ പുലിയെ വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൃത്യമായ കാരണങ്ങൾ മനസിലാക്കാൻ സാധിക്കുവെന്നും വനം വകുപ്പ് വ്യക്തമാക്കി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥനും സ്ഥലത്തെത്തിയിരുന്നു.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
Kerala
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ തീപിടിത്തത്തിൽ പത്ത് ഏക്കറോളം വനമേഖലയാണ് കത്തിനശിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Kerala
കൽപ്പറ്റ: വയനാട് ചേലോട് എസ്റ്റേറ്റിൽ പുലി കൂട്ടിലായി. മൂന്നര വയസ് കണക്കാക്കുന്ന പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്നു പുലർച്ചെ അകപ്പെട്ടത്. പുലിയെ കുപ്പാടി പച്ചാടി ഹോസ്പീസിലേക്കു മാറ്റി. വനസേന പുലിയെ നിരീക്ഷിച്ചു വരികയാണ്.
ഇവിടെ പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാൻ തയാറായത്. പലേടത്തും പുലിയും കടുവയുമൊക്കെ കൂട്ടിൽ വീഴുന്നുണ്ടെങ്കിലും ഇവയുടെ ശല്യം കുറയുന്നില്ല എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. വനസാമീപ്യമുള്ള പല മേഖലകളിലും വളർത്തു മൃഗങ്ങൾ മാത്രമല്ല മനുഷ്യർ പോലും വന്യമൃഗ ആക്രമണ ഭീഷണയിലാണ് കഴിയുന്നത്.
Kerala
തൊടുപുഴ: പുലര്ച്ചെ റബര് ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര് മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില് മുരളി (60), പുരയിടത്തില് സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
പരിക്കേറ്റ് വഴിയിൽ
ഇന്നു പുലര്ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര് ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്കൂട്ടറില് പോവുകയായിരുന്ന സാബു റോഡില് കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്നിന്നു രക്ഷപ്പെടാനായി. തുടര്ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില് മുരളി പരിക്കേറ്റ് റോഡില് കിടക്കുന്നത് കണ്ടത്. തുടര്ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാട്ടുപോത്ത് ആദ്യം
നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി മേഖലയില് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്റെ മുറ്റത്തു വരെ കാല്പ്പാടുകള് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്കാലങ്ങളില് കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന് പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Special News
നാട്ടിലെ മരങ്ങൾക്കിടയിലൂടെ സന്ധ്യാനേരത്തോ പുലർച്ചെയോ നിങ്ങൾ നടക്കുകയാണെന്നു സങ്കൽപ്പിക്കുക. മനുഷ്യനേത്രങ്ങൾക്ക് ഒന്നും കാണാനാവില്ലെങ്കിലും ആ വനഭൂമിയിൽ ഒരു -പ്രകാശമേള- നടക്കുന്നുണ്ടാകാം. ആൺമാനുകൾ തങ്ങളുടെ സാന്നിധ്യം പെൺമാനുകളെ അറിയിക്കാൻ മരങ്ങളിലും മണ്ണിലും അവശേഷിപ്പിക്കുന്ന അടയാളങ്ങൾ ഇരുട്ടിൽ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നുവെന്നു പുതിയ പഠനങ്ങൾ പറയുന്നു. അമേരിക്കയിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഗവേഷകരാണ് പ്രകൃതിയിലെ അദ്ഭുതപ്രതിഭാസം കണ്ടെത്തിയത്.
തിളങ്ങുന്ന അടയാളങ്ങൾ
പ്രജനന കാലത്തു തങ്ങളുടെ സാന്നിധ്യം അറിയിക്കാനായി ആൺമാനുകൾ മരത്തോലുകൾ കൊമ്പുകൊണ്ട് ഉരച്ചുമാറ്റാറുണ്ട്. കൂടാതെ മണ്ണിൽ കുഴികളുണ്ടാക്കി അവിടെ മൂത്രമൊഴിച്ച് അടയാളങ്ങൾ ഇടാറുമുണ്ട്. ഈ അടയാളങ്ങളിൽനിന്നു പുറപ്പെടുന്ന ഗന്ധം നോക്കിയാണ് പെൺമാനുകൾ വിവരങ്ങൾ മനസിലാക്കുന്നത് എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഗന്ധത്തിനൊപ്പം ഈ അടയാളങ്ങൾ പുറപ്പെടുവിക്കുന്ന വെളിച്ചവും ആശയവിനിമയത്തിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
ഫോട്ടോലൂമിനസെൻസ് (Photoluminescence)
ഫോട്ടോലൂമിനസെൻസ് എന്ന പ്രതിഭാസമാണ് ഇതിനു പിന്നിൽ. ഒരു വസ്തു പ്രകാശത്തെ ആഗിരണം ചെയ്ത ശേഷം മറ്റൊരു തരംഗദൈർഘ്യത്തിൽ അതിനെ പുറത്തുവിടുന്ന രീതിയാണിത്. മനുഷ്യർക്ക് കാണാൻ കഴിയാത്ത അൾട്രാവയലറ്റ് രശ്മികളെയാണ് മാനുകളുടെ അടയാളങ്ങൾ ഇത്തരത്തിൽ പ്രതിഫലിപ്പിക്കുന്നത്. ഗവേഷകരുടെ അഭിപ്രായത്തിൽ, പുലർച്ചെയും സന്ധ്യാനേരത്തും ഒരു മാനിന്റെ കണ്ണിലൂടെ നോക്കിയാൽ ഈ അടയാളങ്ങൾ നിയോൺ വിളക്കുകൾ പോലെ തിളങ്ങുന്നതു കാണാം.
കണ്ടെത്തലുകൾ
ജോർജിയയിലെ വൈറ്റ് ഹാൾ വനത്തിൽ നടത്തിയ പഠനത്തിൽ 146 മാൻ അടയാളങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. മണ്ണിൽ കലർന്ന മൂത്രം വെളള പെയിന്റ് ഒഴിച്ചതുപോലെ വെളുത്ത നിറത്തിൽ തിളങ്ങുന്നതായി ഗവേഷകർ കണ്ടെത്താൻ കഴിഞ്ഞു. മരത്തോലുകൾ ഉരച്ചുമാറ്റിയ ഭാഗങ്ങളും സമാനമായ രീതിയിൽ പ്രകാശം പുറപ്പെടുവിക്കുന്നു. പ്രജനനകാലത്താണ് അടയാളങ്ങളുടെ പ്രകാശതീവ്രത വർധിക്കുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
Kerala
ഇരിട്ടി: കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ മാക്കണ്ടയിൽ നാലു പശുക്കളെ വന്യജീവി കടിച്ചു കൊന്നു. പുല്ലാട്ട് കുന്നേൽ രാകേഷിന്റെ ഫാമിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെയാണ് വന്യജീവി കടിച്ചു കൊന്നത്. ഇന്നു രാവിലെയായിരുന്നും സംഭവം.
പശുക്കളെ കൊലപ്പെടുത്തിയത് കടുവയോ പുലിയോ ആകാമെന്നാണ് ഫാം ഉടമ രാകേഷും പ്രദേശവാസികളും പറയുന്നത്. വൃക്കരോഗിയായ രാകേഷിന്റെ ഉപജീവന മാർഗമായിരുന്നു പശുവളർത്തൽ. വനമേഖലയായ ഇവിടെ പുലിയുൾപ്പടെയുള്ള വന്യജീവികളുണ്ടെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചും നടപടികൾ ഒന്നുമുണ്ടായില്ലെന്ന് ആരോപണമുണ്ട്.
വകുപ്പധികൃതർ കാട്ടിയ അനാസ്ഥയാണ് നാലു പശുക്കളുടെ ജീവനെടുത്തതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് വാണിയപ്പാറത്തട്ട് പാറയ്ക്കാമലയിലും വന്യജീവി പശുവിനെ കൊന്നു തിന്നിരുന്നു. ഈ മേഖലയിൽനിന്നു വളർത്തു നായകളെ കാണാതായ സംഭവവും ഉണ്ടായിരുന്നു.
പശുക്കളെ വന്യജീവി കൊന്ന ഫാം സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, വൈസ് പ്രസിഡന്റ് കെ.സി. ചാക്കോ പഞ്ചായത്ത് അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ സന്ദർശിച്ചു.
District News
നാദാപുരം: വാണിമേല് പഞ്ചായത്തിലെ മലയോര മേഖലയായ മലയങ്ങാട് കാട്ടാനക്കൂട്ടമിറങ്ങി. വ്യാപകമായി കൃഷി നാശിപ്പിച്ചു. കണ്ണൂര് ജില്ലയിലെ കണ്ണവം വനമേഖലയോട് ചേര്ന്നുകിടക്കുന്ന പ്രദേശമാണ് മലയങ്ങാട്. എഴുക്കുന്നേല് ബാബു, ജയിംസ്, വാഴയില് അമ്മദ് എന്നിവരുടെ കാര്ഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്.
ബാബുവിന്റെ റബ്ബര് മരങ്ങള്, വാഴകള്, തെങ്ങുകള് തുടങ്ങിയവ പിഴുതെറിഞ്ഞും ചവിട്ടിയും നശിപ്പിച്ചു. ജയിംസ്, അമ്മദ് എന്നിവരുടെ തെങ്ങുകളാണ് നശിപ്പിച്ചത്. കുട്ടി ആനകള് ഉള്പ്പെടെ ആറ് ആനകള് രണ്ട് ദിവസമായി മലയങ്ങാടും പരിസരത്തെ കൃഷി ഭൂമികളില് നാശം വിതയ്ക്കുകയാണെന്ന് പ്രദേശവാസികള് പറഞ്ഞു.
കണ്ണവം വനാതിര്ത്തിയില് ഫെന്സിംഗ് ലൈനുകള് ഇല്ലാത്ത സ്ഥലങ്ങളിലൂടെയാണ് ആനകള് കൃഷിയിടങ്ങളില് ഇറങ്ങുന്നത്. വനമേഖലയില് ഫെന്സിംഗ് ലൈനുകള് സ്ഥാപിക്കണമെന്ന കര്ഷകരുടെ ആവശ്യങ്ങള്ക്ക് വര്ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും വനംവകുപ്പ് ചെവിക്കൊള്ളാറില്ലെന്ന് കര്ഷകര് പറയുന്നു.
കാട്ടാനക്കൂട്ടം ഇറങ്ങിയ വിവരം അറിയിച്ചതിനെത്തുടര്ന്ന് വിലങ്ങാട് സെക്ഷന് ഫോറസ്റ്റ് അധികൃതര് സ്ഥലത്തെത്തി പരിശോധന നടത്തിയതായി പ്രദേശവാസികള് പറഞ്ഞു.